2008/05/08

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ അഥവാ ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ അല്ലെങ്കില്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ എന്നത്‌ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ സ്വയശീര്‍ഷക സഭകളായ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയെയും മലങ്കര സഭ ഉള്‍പ്പെട്ട ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയെയും പൊതുവായി വിളിയ്ക്കുന്ന പേരാണു്. സുറിയാനിയില്‍ ''ഇദ്തോ സുറിയൊയ്‌ തോ ത്രീശൈ ശുബ്‌ ഹോ '' എന്നു് പറയും. ആംഗല ഭാഷയില്‍ Syriac Orthodox Church എന്നും Syrian Orthodox Church എന്നും പ്രയോഗമുണ്ടു്. യാക്കോബായ സുറിയാനി സഭ എന്നും ഈ സഭകളെ വിളിയ്ക്കാറുണ്ടെങ്കിലും അപ്പോസ്തലിക സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പേരായതിനാല്‍ തെറ്റായ പേരാണതെന്നു് അവ സ്വയം കരുതുന്നു.

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭാസംവിധാനത്തില്‍ പ്രധാനമേലദ്ധ്യക്ഷന്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയര്‍ക്കീസാണു്. മലങ്കര സഭ ഉള്‍‍പ്പെട്ട ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കോസാണു് രണ്ടാമന്‍. ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭാകുടുംബത്തില്‍‍‍ അലക്സാന്ത്രിയന്‍ മാര്‍പാപ്പ ഒന്നാമനും അന്ത്യോക്യാ പാത്രിയര്‍ക്കീസ് രണ്ടാമനും ആയിരിയ്ക്കുന്നതുപോലെയാണിതു്.

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയ്ക്കു് സംയുക്ത എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇല്ലെങ്കിലും ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും അംഗീകാരം വേണം, അന്ത്യോക്യാ പാത്രിയര്‍ക്കീസ് തമ്മില്‍ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മില്‍ രണ്ടാമനും ആയിരിയ്ക്കും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര സഭകളായ ഇരുവിഭാഗങ്ങളും സംയുക്തമായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ വിഭാഗങ്ങള്‍ എന്ന നിലയില്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയും ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയും ഐക്യത്തിലല്ലെങ്കിലും ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭയിലെ അംഗസഭകളെന്ന നിലയില്‍ സഹോദരീസഭകളായിക്കഴിയുന്നു.

പേരിനു് പിന്നില്‍‍‍

തക്സാഭാഷ സുറിയാനി ഭാഷയായതുകൊണ്ടും സഭാവിഭാഗം ഓര്‍ത്തഡോക്സ്‌ ആയതുകൊണ്ടും ആണു് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ എന്നപേരു് ഈ സഭാവിഭാഗങ്ങള്‍ക്കുണ്ടായതു്.
യേശു ക്രിസ്തുക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക രൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ആരാധനാ ഭാഷയെങ്കിലും മലയാളികളുടെയിടയില്‍ മലയാളവും ഉപയോഗിയ്ക്കുന്നു.

''യാക്കോബായ സുറിയാനി സഭ'' എന്ന പേരുണ്ടായതു് ആറാംനൂറ്റാണ്ടില്‍ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുര്‍‍ദാന പുനരുദ്ധരിച്ച സഭയായതുകൊണ്ടാണു്. സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ അപ്പോസ്തോലിക സഭയല്ലെന്നും യാക്കോബായ സഭയാണെന്നും കല്ക്കദോന്‍ കക്ഷിയായ റോമാസഭയും ബൈസാന്ത്യ സഭയും ആക്ഷേപിച്ചു. ഓര്‍ത്തഡോക്സ്‌ സഭയാണു് തങ്ങളെന്നായിരുന്നു മറുപടി.

ചരിത്രം

അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലില്‍ ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ പത്രോസ്‌ സ്ഥാപിച്ചു. റോമാസാമ്രാജ്യത്തിലെ മൂന്നു് പാത്രിയര്‍ക്കാസഭകളിലൊന്നായി വളര്‍ന്നു. ക്രി പി 380 മുതല്‍ അലക്സാന്ത്രിയ,റോമ, അന്ത്യോക്യാ മെത്രാപ്പോലീത്തമാരെ പാത്രിയര്‍ക്കീസ് എന്നു് വിളിച്ചു് തുടങ്ങി.

451-ലെ കല്ക്കദോന്‍ സുന്നഹദോസു് മൂലമുണ്ടായപിളര്‍‍പ്പില്‍ കല്ക്കദോന്‍ വിരുദ്ധ കക്ഷിയാണു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ. കല്ക്കദോന്‍ കക്ഷി അന്ത്യോക്യാ ഓര്‍ത്തഡോക്സ്‌ സഭയെന്നും മെല്‍ക്കായ സഭയെന്നും അറിയപ്പെട്ടു. കല്ക്കദോന്‍ കക്ഷി കിഴക്കന്‍‍‍ റോമാസാമ്രാജ്യത്തിലെ രാജകീയമതമായപ്പോള്‍ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുര്‍‍ദാന അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയെ തകര്‍ച്ചയില്‍നിന്നും രക്ഷിച്ചു.

റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേര്‍ഷ്യയിലും മലങ്കരയിലുമായി വികസിച്ച ക്രൈസ്തവസഭയാണു് ഓര്‍ത്തഡോക്സ് പൗരസ്ത്യസഭ. ക്രിസ്തു ശിഷ്യനും പന്തിരുവരില്‍ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗം. . തോമാശ്ലീഹ അയച്ച വി.ആദായി ക്രി പി 37-ല്‍ ഉറഹായിലും മാര്‍ത്തോമാ ശ്ലീഹാ ക്രി പി 52-ല്‍ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് പേര്‍ഷ്യയിലെ സഭ.

ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോള്‍ പേര്‍‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോണ്‍ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതല്‍ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.

ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചപ്പോള്‍ വിമത ഓര്‍ത്തഡോക്സ് വിഭാഗത്തെ ഉറഹായുടെ മേലദ്ധ്യക്ഷന്‍ യാക്കൂബ് ബുര്‍‍ദാന ഓര്‍ത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനമാക്കി മാറ്റി. ഏഴാം നൂറ്റാണ്ടില്‍ മാര്‍ മറൂസയുടെകാലത്തു് തിക്‍രീത്തു് നഗരം ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. 8-10 നൂറ്റാണ്ടുകളില്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുമായി വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും അംഗീകാരം വേണം, അന്ത്യോക്യാ പാത്രിയര്‍ക്കീസ് തമ്മില്‍ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മില്‍ രണ്ടാമനും ആയിരിയ്ക്കും എന്നീ മൂന്നു് വ്യവസ്ഥകള്‍ നിലവില്‍വന്നു. ഇരുസഭകളുടെയും സംയുക്ത പ്രവര്‍ത്തനം പൗരസ്ത്യ കാതോലിക്കോസുമാര്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസുമാരാകുന്നതിലേയ്ക്കും അവസാനം പൗരസ്ത്യ കാതോലിക്കാസനം 1860-ഓടെ അന്ത്യോക്യാ പാത്രിയര്‍ക്കീസനത്തില്‍ ലയിയ്ക്കുന്നതിലേയ്ക്കും എത്തിച്ചു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസ് പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ല്‍ മലങ്കരയിലേയ്ക്കു് മാറ്റി.

ഉറഹായിലെയും പേര്‍‍ഷ്യയിലെയും സഭകളോടൊപ്പം തുടക്കം മുതല്‍ പൗരസ്ത്യ സഭയുടെ ഇടവകയായിരുന്നു മലങ്കര സഭ .345-ല്‍ ക്നായിത്തൊമ്മന്റെ നേതൃത്ത്വത്തില്‍ പേര്‍ഷ്യയില്‍നിന്നു് ഉറഹക്കാര്‍ കുടിയേറി . ഒമ്പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്നു് (പൗരസ്ത്യ കാതോലിക്കാസനത്തില്‍ നിന്നു്)വന്ന തരിസാക്കളുടെ പിന്തുണയില്ലായിരുന്നങ്കില്‍‍ മലങ്കര സഭ ഇല്ലാതായി മുഹമ്മദീയമായേനെ. പൗരസ്ത്യ കാതോലിക്കാസനവുമായുള്ള കൂട്ടായ്മയിലുടെ ആകമാന സഭയുടെഭാഗമായി വര്‍ത്തിച്ച മലങ്കര സഭ 1599-ല്‍ പരങ്കികള്‍ അടിച്ചേല്‍പിച്ച ഉദയം‍പേരൂര്‍ സുന്നഹദോസ്ഉദയമ്പേരൂര്‍ സുന്നഹദോസിലൂടെ കത്തോലിക്കാ സഭറോമന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ വന്നു.

1653ല്‍ കൂനന്‍ കുരിശു് സത്യത്തിലൂടെ മോചനം നേടി . ജാതിയ്ക്കു് കര്‍‍ത്തവ്യനായ പൊതുഭാരശുശ്രൂഷനെ (പൊതുമാടന്‍‍ ചെമ്മായിയെ) മെത്രാനായിവാഴിച്ചുകൊണ്ടു് ആ ആണ്ടില്‍‍‍ തന്നെ മലങ്കര സഭ എപ്പിസ്കോപ്പല്‍ സഭാശാസ്ത്രം സ്വീകരിച്ചു. മലങ്കര സഭയുടെ അപേക്ഷപ്രകാരം അന്ത്യോക്യാ പാത്രിയര്‍ക്കീസുകൂടിയായിരുന്ന പൗരസ്ത്യ കാതോലിക്കോസ് അബ്ദുല്‍‍‍ മിശിഹാ ഒന്നാമന്‍അയച്ച അബ്ദുല്‍ ജലീല്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1965-ല്‍‍‍ മലങ്കര സഭയെ മെത്രാപ്പോലീത്തന്‍ സഭയായി ഉയര്‍ത്തി. 1876-ലെ മുളന്തുരുത്തി സുന്നഹദോസിനു് ശേഷം വലിയ മെത്രാപ്പോലീത്തന്‍ സഭയുമായി മാറി. രണ്ടു് പൗരസ്ത്യ കാതോലിക്കോസുമാര്‍ (മാര്‍ ബസേലിയോസ് യെല്‍‍ദോ ബാവയും മാര്‍ ബസേലിയോസ് ശക്രള്ള ബാവയും) മലങ്കരയില്‍ അജപാലനാര്‍ത്ഥം വന്നു് കബറടങ്ങി. പൗരസ്ത്യ കാതോലിക്കാസനം 1860-ല്‍ അന്ത്യോക്യാ പാത്രിയര്‍ക്കാസനത്തില്‍ ലയിച്ചതിനു് ശേഷം 1876-ലെ മുളന്തുരുത്തി സുന്നഹദോസോടെ മലങ്കര സഭ അന്ത്യോക്യാ പാത്രിയര്‍ക്കാസനത്തിന്റെ ആത്മീയഅധികാരത്തിന്‍‍ കീഴിലായി.

1896-ലെ പാത്രിയര്‍ക്കാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭവിട്ടു് റോമന്‍ കത്തോലിക്കാസഭയില്‍ ചേര്‍‍ന്നു് ഹോംസിലെ റീത്തു് മെത്രാപ്പോലീത്തയായ അബ്ദുല്ലമെത്രാന്‍ ഹമീദ് സുല്‍‍ത്താനെ സ്വാധീനിച്ചു് അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ അധികാരപത്രം (ഫര്‍മാന്‍) റദ്ദാക്കിച്ചു് അബ്ദുല്ല രണ്ടാമന്‍ എന്നപേരില്‍ എതിര്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസായതു് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയില്‍ പ്രതിസന്ധിയുണ്ടാക്കി. പില്‍ക്കാലത്തു് പൗരസ്ത്യ കാതോലീക്കോസായ ഔഗേന്‍ ബാവ അക്കാലത്തു് അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍‍ശിച്ചു് മലങ്കര സഭയ്ക്കു് സത്യവിശ്വാസം നിലനിറുത്താന്‍ വേണ്ടി പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് മലങ്കരയിലേയ്ക്കു് മാറ്റുവാന്‍ സമ്മതിപ്പിച്ചു. മലങ്കരമെത്രാപ്പോലീത്തയുടെ ലൗകിക അധികാരങ്ങള്‍ അബ്ദുല്ല രണ്ടാമന്‍ ബാവയ്ക്കു് കൈമാറി ഉടമ്പടിനല്കണമെന്ന നിര്‍‍ദേശം പാലിയ്ക്കാത്തതിനു് മലങ്കരമെത്രാപ്പോലീത്ത വട്ടശേരില്‍ ദിവന്നാസിയോസിനെ അബ്ദുല്ല രണ്ടാമന്‍ ബാവ 1911-ല്‍‍ മുടക്കിയപ്പോള്‍ അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസ് മുടക്കു് റദ്ദാക്കി അദ്ദേഹത്തെ പുനഃസ്ഥാപിച്ചു.

പിന്നീടു് മലങ്കരയിലെഴുന്നള്ളി പൗരസ്ത്യ കാതോലിക്കാസനം പൂര്‍‍ണമായി പുനഃരുദ്ധരിപ്പിച്ചു് ബസേലിയോസ് പൗലോസ് ഒന്നാമനെ മലങ്കരയിലെ ഒന്നാമത്തെ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കുന്നതിനു് നേതൃത്വം നല്കി . തിരികെ മര്‍ദീനിലെത്തിയ അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിനു് പാത്രിയര്‍ക്കാഅധികാരമെല്ലാം തിരികെ ലഭിയ്ക്കുകയും 1915 ഓഗസ്റ്റ് 15-ആം തീയതി കാലം ചെയ്യുന്നതുവരെ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളുകയും ചെയ്തു. എതിര്‍ പാത്രിയര്‍‍ക്കീസ് അബ്ദുല്ല രണ്ടാമനു് മര്‍ദീനില്‍ പ്രവേശിയ്ക്കാന്‍ പറ്റാത്തതിനാല്‍ ഊര്‍ശലേമില്‍ തുടരുകയും കാഴ്ച നഷ്ടപ്പെട്ടു് യാതനകളനുഭവിച്ചു് കാലം ചെയ്തു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ അധികാരപത്രം (ഫര്‍മാന്‍) റദ്ദാക്കിയ ഓട്ടോമന്‍‍ തുര്‍‍ക്കിയുടെ ഹമീദ് സുല്‍‍ത്താന്‍ നേരത്തെതന്നെ വധിയ്ക്കപ്പെട്ടിരുന്നു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ റിപ്പബ്ലിക്കന്‍വാദികളായ പ്രതിപക്ഷത്തെ സഹായിച്ചുവെന്നു് ബോദ്ധ്യപ്പെടുത്തിയാണു് വിമതര്‍ സുല്‍‍ത്താനെ സ്വാധീനിച്ചതു്.

അബ്ദുല്ലാ പാത്രിയര്‍ക്കീസും അദ്ദേഹത്തിന്റെ പിന്‍ഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മില്‍ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയില്‍ അധികാരമല്‍സരം നടന്നു.1958-ല്‍ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയര്‍ക്കീസും പരസ്പരം അംഗീകരിച്ചു.
1965-ല്‍ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഡീസ് അബാബ സുന്നഹദോസില്‍ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയര്‍ക്കീസും പങ്കെടുത്തു. അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മില്‍1971-ല്‍ വീണ്ടും ആരംഭിച്ച അധികാരതര്‍ക്കത്തില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് യാക്കൂബ് തൃതീയന്‍ തന്റെ കീഴില്‍ 1975-ല്‍ ഒരു എതിര്‍ പൗരസ്ത്യ കാതോലിക്കോസിനെ ബസേലിയോസ് പൗലോസ് രണ്ടാമനെന്നപേരില്‍ നിയമിച്ചു (ബസേലിയോസ് പൗലോസ് ഒന്നാമന്‍‍ 1912-ല്‍ നിയമിതനായ പൗരസ്ത്യ കാതോലിക്കോസായിരുന്നു).

ഈ തര്‍ക്കത്തിനു് തീര്‍പ്പുണ്ടായതു് ഭാരത സുപ്രീം കോടതി 1995-ല്‍ വിധി കല്പിച്ചു് 2002-ല്‍ നടപ്പില്‍വരുത്തിയതോടെയാണു്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീര്‍പ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയില്‍തുടര്‍‍ന്നപ്പോള്‍ സുപ്രീം കോടതി തീര്‍പ്പിനോടു് വിയോജിച്ച വിഭാഗം2002ജൂലയ് 6-നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പേരില്‍ പുതിയ സഭാഘടകം രൂപവല്‍ക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ അതിരൂപതയായിമാറി. ഈ അതിരൂപതഅദ്ധ്യക്ഷനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴില്‍ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ല്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിന്‍‍ഗാമിയായിട്ടായിരുന്നില്ല.

2004 ഒക്റ്റോബറില്‍ അലക്സാന്ത്രിയന്‍ മാര്‍പാപ്പയോടും ആര്‍‍മീനിയന്‍‍ കിലിക്യാ കാതോലിക്കോസിനോടുമൊപ്പം ചെയ്ത സംയുക്ത പ്രസ്താവനയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗ സഭകളിലൊന്നായി പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെന്ന പേരില്‍ അംഗീകരിയ്ക്കുവാന്‍ സമ്മതിച്ചു. 2005 ജനുവരിയില്‍ അംഗ സഭകളുടെ പ്രതിനിധികളടങ്ങിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കണ്‍സള്‍‍ട്ടേറ്റീവ് കമ്മറ്റി നിലവില്‍‍ വന്നു. 1965-ലെ ആഡീസ് അബാബ സുന്നഹദോസ് മുതല്‍ നിലനിന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്ഥിരം സമിതി1975-ല്‍ പൗരസ്ത്യ കാതോലിക്കോസിനെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് മുടക്കി എതിര്‍‍ പൗരസ്ത്യ കാതോലിക്കോസിനെ നിീയമിച്ചതിനു് ശേഷം നിലച്ചിരിയ്ക്കുകയായിരുന്നു.

2004 സെപ്തംബറില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയില്‍ കേരളത്തിലെ മുളന്തുരുത്തിയില്‍‍ കൂടിയ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ വിഭാഗം എന്ന നിലയില്‍ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങള്‍ ഉറപ്പിയ്ക്കുന്നതിനു് തീരുമാനിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെക്കൂടാതെ പൗരസ്ത്യ സുവിശേഷ സമാജം ,സിംഹാസനപ്പള്ളികള്‍ ,ക്നാനായ ഭദ്രാസനം തുടങ്ങിയവകൂടി ഉള്‍‍‍പ്പെട്ടതാണു് പൗരസ്ത്യ സഭാഭരണാതിര്‍ത്തിയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഇടവക.

പൗരസ്ത്യ കാതോലിക്കസനമാകട്ടെ 2007-ല്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയിലുണ്ടായ പ്രതിസന്ധി മുതലെടുത്തു് അമേരിക്കയില്‍ വിശുദ്ധ യാക്കോബിന്റെ നാമത്തില്‍ സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയ്ക്കു് അംഗീകാരവും മേല്‍‍പട്ടപിന്തുണയും കൊടുക്കുകയും സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ ഭദ്രാസനമുണ്ടാക്കി മെത്രാപ്പോലീത്തയെ വാഴിച്ചുവിടുകയും ചെയ്തു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഭരണാതിര്‍ത്തിയില്‍ വിഘടിതഘടകം ഉണ്ടാക്കിയിരിയ്ക്കുകയുമാണു്.