സോഷ്യലിസ്റ്റ് നേതാവു് പി. വിശ്വംഭരന്‍ (മുന്‍ പാര്‍ലമെന്റംഗം),വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. വി. രാജകൃഷ്ണന്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ തുടങ്ങിയവര്‍ പുറപ്പെടുവിച്ചിരിയ്ക്കുന്ന പ്രസ്താവന.
തിബെത്തിന്റെ തലസ്ഥാനത്തേയ്ക്കു് ചീനപ്പട നീങ്ങിക്കൊണ്ടിരിയ്ക്കുന്നു. ഇതുകണ്ടിട്ടും മനസ്സിലായില്ലെന്നു് നടിച്ചു് മൗനനിദ്രകൊള്ളുന്നവരുടെ മനസ്സാക്ഷിയോടാണു് ഈ വാക്കുകള്‍. ഇന്ത്യന്‍ അതിര്‍ത്തി കൈയേറി, 90,000 ചതുരശ്ര കിലോമീറ്റര്‍ കൈവശമാക്കിയതും 1962 ല്‍ കപടനാടകം കളിച്ചു് ഇന്ത്യയെ വഞ്ചിച്ചതും അരുണാചലിനു് തൊട്ടു് വിമാനത്താവളം സ്ഥാപിച്ചതും അരുണാചല്‍ പ്രദേശ് തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെമേല്‍ അവകാശവാദം ഉന്നയിച്ചതും തിബെത്തന്‍ സ്വയംഭരണപ്രദേശത്തൂടെ ഇന്ത്യന്‍ അതിര്‍ത്തിവരെ റോഡു് പണിഞ്ഞതും, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ പാകത്തിനു് വിയറ്റ്നാമിനെ ആക്രമിച്ചതും എന്തിനു് കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി സിക്കിം അതിര്‍ത്തി സന്ദര്‍ശിയ്ക്കുന്നതു് മുടക്കാന്‍ റോഡു്പണി നിര്‍ത്തിവെപ്പിച്ചതും അങ്ങനെ എത്രയോ കാര്യങ്ങളുണ്ടു് ഇന്ത്യയ്ക്കു് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാന്‍.
ഇന്നു് തിബെത്തിന്റെ തലസ്ഥാനം ചീനപ്പട്ടാളത്തിന്റെ നിയന്ത്രണത്തിലാണു്. ഒന്നേകാല്‍ ലക്ഷം തിബെത്തുകാരും ദലെയിലാമയും ഇന്ത്യയില്‍ അഭയാര്‍ത്ഥികളാണു്. രണ്ടുലക്ഷത്തിലേറെപ്പേര്‍ മറ്റു് രാഷ്ട്രങ്ങളിലും. ശേഷിച്ചതില്‍ ചിലരെ ചീനക്കാര്‍ അവരുടെ അഞ്ചാംപത്തിയായി ഉപയോഗിയ്ക്കുന്നു.
എന്നിട്ടും സ്വാതന്ത്ര്യസമരം, പ്രാണരക്ഷാര്‍ത്ഥമുള്ള സഹനസമരം, അവിടെ നടക്കുന്നു. അതിലേര്‍പ്പെട്ട അനേകംപേരെ ഇതിനകം ചൈന കൊന്നൊടുക്കി. കഴിഞ്ഞ ഏതാനും നാളില്‍ നൂറിലേറെപ്പേരെ കൊന്നതിനെ സംസ്കാരഹത്യ എന്നു് ദലെയിലാമ വിളിയ്ക്കുന്നു.
ലോകമാധ്യമ ഏജന്‍സികളെ അങ്ങോട്ടു് കയറ്റുന്നേയില്ല. ഇന്ത്യന്‍ ജീവിതത്തിന്റെ പ്രബലമായ അന്തര്‍ധാരയാണു് ഗംഗാ— കൈലാസ— മാനസസരോവര— ത്രിവിഷ്ടപ സംയുക്തയായ ആ ഹിമാലയഭൂഭാഗം. ചീനയുടെ നീക്കം ഇന്ത്യയ്ക്കറിയാമെന്നിരുന്നിട്ടും പ്രതികരണത്തിനു് അശക്തമായ, സ്വന്തം ശക്തിയ്ക്കു് വിഘടനം സംഭവിച്ച, ഒരു ഇന്ത്യയെയാണു് നാം കാണുന്നതു്.
ഈ സന്ദര്‍ഭം അനുകൂലമെന്നു് കരുതിയാണു് ചീനയുടെ പുതിയ പട്ടാള നീക്കവും. ഫലപ്രദമായി പ്രതികരിച്ചു് ലോകമനസ്സാക്ഷിയെ ഉണര്‍ത്താനും നിരപരാധികളായ തിബെത്തു് ജനതയെ രക്ഷിക്കാനും ഇന്ത്യന്‍ നേതൃത്വത്തെ പ്രേരിപ്പിയ്ക്കേണ്ട അവസ്ഥയാണു് ഇപ്പോള്‍.
രാഷ്ട്രത്തെപ്പറ്റി വിചാരമുള്ളവര്‍ അക്കാര്യത്തിനു് മുന്നോട്ടുവരണമെന്നു്, ഇതു് രാഷ്ട്രരക്ഷ എന്നനിലയില്‍ കക്ഷിജാതി ഭേദങ്ങള്‍ക്കതീതമാണെന്നു്, ഓര്‍മ്മിപ്പിയ്ക്കട്ടെ. പ്രത്യേകിച്ചും രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരും ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും.