2009/10/30

പി.വി. കുര്യന്‍ (1921 - 1993)



ഡോ.റാം മനോഹര്‍ ലോഹിയയുടെ ജീവചരിത്ര ഗ്രന്ഥകാരനും കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ്‌ ചിന്തകനുമായിരുന്നു പി.വി. കുര്യന്‍ (കുര്യച്ചന്‍ ). കോട്ടയം പട്ടണത്തിന്റെ അടുത്ത പ്രദേശമായ പാത്താമുട്ടത്തുകാരനായിരുന്ന കുര്യന്‍, പഴയാറ്റിങ്കല്‍ (പൊടിമറ്റത്തില്‍) വറുഗീസിന്റെ രണ്ടാമത്തെ മകനായി 1921 ഡിസംബര്‍ 25 - ന്‌ ജനിച്ചു. എസ്‌.ബി കോളേജില്‍ നിന്ന്‌ ബി.എ. ബിരുദം നേടിയ ശേഷം നാഷണല്‍ ക്വയിലോണ്‍ ബാങ്കിലും പിന്നീട്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിലും ഉദ്യോഗസ്‌ഥനായി ജോലി നോക്കി. ഭാര്യ മേരിക്കുട്ടി പി.വി. കുര്യന്റെ മരണത്തിന്റെ തലേ വര്‍ഷം (1992 ഒക്‌ടോബര്‍ 14) മരിച്ചു. മക്കള്‍ മേഴ്‌സി, സെലിന്‍, ലൈല, അശോക്‌ എന്നിവരാണു്‌.

വിദ്യാര്‍ത്ഥിയായിരിയ്‌ക്കവെ 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കാങ്‌ഗ്രസ്സിലൂടെ ദേശീയപ്രസ്ഥാനത്തിലേയ്‌ക്കു് വന്നു. സുഭാസ്‌ ചന്ദ്രബസു സ്ഥാപിച്ച ഫോര്‍വേഡ്‌ ബ്ലോക്കിന്റെ തിരുവിതാംകൂര്‍ ഘടകത്തിന്റെ ജോയിന്റ്‌ സെക്രട്ടറിയായി. സുഭാസ്‌ ചന്ദ്രബസുവിന്റെ കാലശേഷം കാങ്‌ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌പാര്‍ട്ടിയുടെ (സി.എസ്‌.പി) പ്രവര്‍ത്തകനായി.

ശ്രീകണ്‌ഠന്‍ നായരും മത്തായി മാഞ്ഞൂരാനും സി.എസ്‌.പി. വിട്ട്‌ കേരള സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപവല്‍ക്കരിച്ചപ്പോള്‍ കെ. പ്രഭാകരനോടും ഡോ. പി. പി. എന്‍. നമ്പൂതിരിയോടുമൊപ്പം തിരുവിതാംകൂറിന്റെ വടക്കന്‍ താലൂക്കുകളില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ വ്യാപൃതനായി സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ വിവിധ പ്രവണതകള്‍ വളര്‍ന്നുവന്നപ്പോള്‍ എല്ലാ ഘട്ടങ്ങളിലും ഡോ.റാം മനോഹര്‍ ലോഹിയയോടൊപ്പമാണ്‌ അദ്ദേഹം നിലയുറപ്പിച്ചിരുന്നത്‌. 1967- ല്‍ ഡോ.ലോഹിയ അന്തരിച്ചതിനെത്തുടര്‍ന്ന്‌ തിരുവന്തപുരത്ത്‌ ലോഹിയാ സ്റ്റഡി സെന്റര്‍ ആരംഭിക്കുന്നതിലും ലോഹിയാവിചാര വേദിക്ക്‌ രൂപം കൊടുക്കുന്നതിലും അദ്ദേഹം മുന്‍കയ്യെടുത്തു. 1984-87, 1989-92 കാലത്ത്‌ ലോഹിയാ വിചാര വേദിയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത്‌ തിരുവനന്തപുരത്തുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന അന്തര്‍ധാരയുടെ പത്രാധിപരായിരുന്നു.
കുമാരനാശാന്റെ ഇളയമകൻ
കെ. പ്രഭാകരൻ


സ്വതന്ത്രഭാരതം, കേരളനാട്‌, പോരാട്ടം, മാറ്റം, സമാജവാദി തുടങ്ങിയ സോഷ്യലിസ്റ്റ്‌ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി എഴുതിയിരുന്നു.

1991 ല്‍ പ്രസിദ്ധീകരിച്ച ഡോ.റാം മനോഹര്‍ ലോഹിയ എന്ന സര്‍വദേശീയ വിപ്ലവകാരി എന്ന ബൃഹദ്‌ ഗ്രന്ഥമാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതി 8 പോയിന്റില്‍ അച്ചടിച്ചതും 1/4ക്രൗണ്‍ സൈസില്‍ 1211 പുറങ്ങളുള്ള ഈ മഹാഗ്രന്ഥം ലോഹിയയേപ്പറ്റി ഏതെങ്കിലും ഭാഷയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ കൃതിയാണ്‌.

ഈ കൃതിയുടെ മുഖവുരയായി സ.പി.വി. കുര്യന്‍ ഇപ്രകാരം എഴുതി :
ആയുധം അണിയാത്ത സത്യത്തിന്റെ രക്തസാക്ഷികളായ സോക്രട്ടീസും യേശുവും ഗാന്ധിജിയും ആയിരിക്കും മനുഷ്യന്റെ അന്തരാത്മാവിന്റെ നിത്യമായ പ്രകാശമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. രക്തസാക്ഷികളായ വിപ്ലവകാരികളുടെ മറ്റോരു ത്രിത്വം കൂടി എന്റെ മനസ്സിലുണ്ട്‌. റോസാ ലക്‌സംബര്‍ഗൂം ലിയോണ്‍ ട്രോട്‌സ്‌കിയും രാമമനോഹര ലോഹിയയും. വിഷം നിറച്ച ചഷകവും മരക്കുരിശും വെടിയുണ്ടയും കോടാലിക്കൈയും സര്‍ജന്റെ കത്തിയും ആണോ, സത്യത്തിന്‌ നിത്യമായി വിധിയ്‌ക്കപ്പെട്ടിരിക്കുന്നത്‌? എങ്കിലും സത്യം മരിക്കുന്നില്ല. വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‌ക്കുന്നു.


പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിപ്ലവ റഷ്യ എന്ന അവസാനത്തെ ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കവെ 1993 ജൂലയ്‌ 14-ആം തീയതി പി.വി. കുര്യന്‍ അന്തരിച്ചു. പാത്താമുട്ടം ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ബന്ധുമിത്രാദികളുടേയും സോഷ്യലിസ്റ്റു പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ പിറ്റേന്ന്‌ സംസ്‌ക്കരിച്ചു.


കേരളത്തിലെ ഇപ്പോഴത്തെ സോഷ്യലിസ്റ്റ്‌ നേതാക്കളായ ജോഷിജേക്കബ്‌, വിനോദ്‌ പയ്യട, സുരേഷ്‌ നരിക്കുനി തുടങ്ങിയവര്‍ പി.വി. കുര്യന്റെ ശിഷ്യഗണത്തില്‍ പെട്ടവരാണു്‌.


പി.വി. കുര്യന്റെ കൃതികള്‍

1. നേതാജി സുഭാസ്‌ ചന്ദ്രബസു (1943)
2. ഐ എന്‍ എ വിചാരണയും വിധിയും (1944)
3. ഐക്യകേരളം (1946)
4. കേരളം ഇന്ന്‌, ഇന്നലെ, നാളെ (1954)
5. സോഷ്യലിസത്തെപ്പറ്റി (1956)
6. മനുഷ്യന്റെ വളര്‍ച്ച അവന്റെ ഭാഷയിലൂടെ
( പി.വി. കുര്യനും കെ.കെ. അബുവും ചേര്‍ന്ന്‌ എഴുതിയത്‌-1974)
7. ഡോ. റാംമനോഹര്‍ ലോഹിയ എന്ന മനുഷ്യന്‍ കുറെ സ്‌മരണകള്‍ (വിവര്‍ത്തനം -1974)
8. മണ്‌ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സോഷ്യലിസ്റ്റ്‌ വീക്ഷണത്തില്‍ (1983)
9. ഡോ.റാം മനോഹര്‍ ലോഹിയ എന്ന സര്‍വദേശീയ വിപ്ലവകാരി (1991)
10. ദി ക്രൈസിസ്‌ ഓഫ്‌ മോഡേണ്‍ സിവിലൈനേഷന്‍ (ഇങ്‌ഗ്ലീഷ്‌- 1993 മാര്‍ച്ച്‌)

2008/05/08

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ അഥവാ ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ അല്ലെങ്കില്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ എന്നത്‌ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ സ്വയശീര്‍ഷക സഭകളായ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയെയും മലങ്കര സഭ ഉള്‍പ്പെട്ട ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയെയും പൊതുവായി വിളിയ്ക്കുന്ന പേരാണു്. സുറിയാനിയില്‍ ''ഇദ്തോ സുറിയൊയ്‌ തോ ത്രീശൈ ശുബ്‌ ഹോ '' എന്നു് പറയും. ആംഗല ഭാഷയില്‍ Syriac Orthodox Church എന്നും Syrian Orthodox Church എന്നും പ്രയോഗമുണ്ടു്. യാക്കോബായ സുറിയാനി സഭ എന്നും ഈ സഭകളെ വിളിയ്ക്കാറുണ്ടെങ്കിലും അപ്പോസ്തലിക സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പേരായതിനാല്‍ തെറ്റായ പേരാണതെന്നു് അവ സ്വയം കരുതുന്നു.

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭാസംവിധാനത്തില്‍ പ്രധാനമേലദ്ധ്യക്ഷന്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയര്‍ക്കീസാണു്. മലങ്കര സഭ ഉള്‍‍പ്പെട്ട ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കോസാണു് രണ്ടാമന്‍. ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭാകുടുംബത്തില്‍‍‍ അലക്സാന്ത്രിയന്‍ മാര്‍പാപ്പ ഒന്നാമനും അന്ത്യോക്യാ പാത്രിയര്‍ക്കീസ് രണ്ടാമനും ആയിരിയ്ക്കുന്നതുപോലെയാണിതു്.

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയ്ക്കു് സംയുക്ത എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇല്ലെങ്കിലും ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും അംഗീകാരം വേണം, അന്ത്യോക്യാ പാത്രിയര്‍ക്കീസ് തമ്മില്‍ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മില്‍ രണ്ടാമനും ആയിരിയ്ക്കും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര സഭകളായ ഇരുവിഭാഗങ്ങളും സംയുക്തമായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ വിഭാഗങ്ങള്‍ എന്ന നിലയില്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയും ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയും ഐക്യത്തിലല്ലെങ്കിലും ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭയിലെ അംഗസഭകളെന്ന നിലയില്‍ സഹോദരീസഭകളായിക്കഴിയുന്നു.

പേരിനു് പിന്നില്‍‍‍

തക്സാഭാഷ സുറിയാനി ഭാഷയായതുകൊണ്ടും സഭാവിഭാഗം ഓര്‍ത്തഡോക്സ്‌ ആയതുകൊണ്ടും ആണു് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ എന്നപേരു് ഈ സഭാവിഭാഗങ്ങള്‍ക്കുണ്ടായതു്.
യേശു ക്രിസ്തുക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക രൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ആരാധനാ ഭാഷയെങ്കിലും മലയാളികളുടെയിടയില്‍ മലയാളവും ഉപയോഗിയ്ക്കുന്നു.

''യാക്കോബായ സുറിയാനി സഭ'' എന്ന പേരുണ്ടായതു് ആറാംനൂറ്റാണ്ടില്‍ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുര്‍‍ദാന പുനരുദ്ധരിച്ച സഭയായതുകൊണ്ടാണു്. സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ അപ്പോസ്തോലിക സഭയല്ലെന്നും യാക്കോബായ സഭയാണെന്നും കല്ക്കദോന്‍ കക്ഷിയായ റോമാസഭയും ബൈസാന്ത്യ സഭയും ആക്ഷേപിച്ചു. ഓര്‍ത്തഡോക്സ്‌ സഭയാണു് തങ്ങളെന്നായിരുന്നു മറുപടി.

ചരിത്രം

അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലില്‍ ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ പത്രോസ്‌ സ്ഥാപിച്ചു. റോമാസാമ്രാജ്യത്തിലെ മൂന്നു് പാത്രിയര്‍ക്കാസഭകളിലൊന്നായി വളര്‍ന്നു. ക്രി പി 380 മുതല്‍ അലക്സാന്ത്രിയ,റോമ, അന്ത്യോക്യാ മെത്രാപ്പോലീത്തമാരെ പാത്രിയര്‍ക്കീസ് എന്നു് വിളിച്ചു് തുടങ്ങി.

451-ലെ കല്ക്കദോന്‍ സുന്നഹദോസു് മൂലമുണ്ടായപിളര്‍‍പ്പില്‍ കല്ക്കദോന്‍ വിരുദ്ധ കക്ഷിയാണു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ. കല്ക്കദോന്‍ കക്ഷി അന്ത്യോക്യാ ഓര്‍ത്തഡോക്സ്‌ സഭയെന്നും മെല്‍ക്കായ സഭയെന്നും അറിയപ്പെട്ടു. കല്ക്കദോന്‍ കക്ഷി കിഴക്കന്‍‍‍ റോമാസാമ്രാജ്യത്തിലെ രാജകീയമതമായപ്പോള്‍ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുര്‍‍ദാന അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയെ തകര്‍ച്ചയില്‍നിന്നും രക്ഷിച്ചു.

റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേര്‍ഷ്യയിലും മലങ്കരയിലുമായി വികസിച്ച ക്രൈസ്തവസഭയാണു് ഓര്‍ത്തഡോക്സ് പൗരസ്ത്യസഭ. ക്രിസ്തു ശിഷ്യനും പന്തിരുവരില്‍ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗം. . തോമാശ്ലീഹ അയച്ച വി.ആദായി ക്രി പി 37-ല്‍ ഉറഹായിലും മാര്‍ത്തോമാ ശ്ലീഹാ ക്രി പി 52-ല്‍ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് പേര്‍ഷ്യയിലെ സഭ.

ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോള്‍ പേര്‍‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോണ്‍ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതല്‍ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.

ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചപ്പോള്‍ വിമത ഓര്‍ത്തഡോക്സ് വിഭാഗത്തെ ഉറഹായുടെ മേലദ്ധ്യക്ഷന്‍ യാക്കൂബ് ബുര്‍‍ദാന ഓര്‍ത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനമാക്കി മാറ്റി. ഏഴാം നൂറ്റാണ്ടില്‍ മാര്‍ മറൂസയുടെകാലത്തു് തിക്‍രീത്തു് നഗരം ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. 8-10 നൂറ്റാണ്ടുകളില്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുമായി വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും അംഗീകാരം വേണം, അന്ത്യോക്യാ പാത്രിയര്‍ക്കീസ് തമ്മില്‍ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മില്‍ രണ്ടാമനും ആയിരിയ്ക്കും എന്നീ മൂന്നു് വ്യവസ്ഥകള്‍ നിലവില്‍വന്നു. ഇരുസഭകളുടെയും സംയുക്ത പ്രവര്‍ത്തനം പൗരസ്ത്യ കാതോലിക്കോസുമാര്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസുമാരാകുന്നതിലേയ്ക്കും അവസാനം പൗരസ്ത്യ കാതോലിക്കാസനം 1860-ഓടെ അന്ത്യോക്യാ പാത്രിയര്‍ക്കീസനത്തില്‍ ലയിയ്ക്കുന്നതിലേയ്ക്കും എത്തിച്ചു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസ് പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ല്‍ മലങ്കരയിലേയ്ക്കു് മാറ്റി.

ഉറഹായിലെയും പേര്‍‍ഷ്യയിലെയും സഭകളോടൊപ്പം തുടക്കം മുതല്‍ പൗരസ്ത്യ സഭയുടെ ഇടവകയായിരുന്നു മലങ്കര സഭ .345-ല്‍ ക്നായിത്തൊമ്മന്റെ നേതൃത്ത്വത്തില്‍ പേര്‍ഷ്യയില്‍നിന്നു് ഉറഹക്കാര്‍ കുടിയേറി . ഒമ്പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്നു് (പൗരസ്ത്യ കാതോലിക്കാസനത്തില്‍ നിന്നു്)വന്ന തരിസാക്കളുടെ പിന്തുണയില്ലായിരുന്നങ്കില്‍‍ മലങ്കര സഭ ഇല്ലാതായി മുഹമ്മദീയമായേനെ. പൗരസ്ത്യ കാതോലിക്കാസനവുമായുള്ള കൂട്ടായ്മയിലുടെ ആകമാന സഭയുടെഭാഗമായി വര്‍ത്തിച്ച മലങ്കര സഭ 1599-ല്‍ പരങ്കികള്‍ അടിച്ചേല്‍പിച്ച ഉദയം‍പേരൂര്‍ സുന്നഹദോസ്ഉദയമ്പേരൂര്‍ സുന്നഹദോസിലൂടെ കത്തോലിക്കാ സഭറോമന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ വന്നു.

1653ല്‍ കൂനന്‍ കുരിശു് സത്യത്തിലൂടെ മോചനം നേടി . ജാതിയ്ക്കു് കര്‍‍ത്തവ്യനായ പൊതുഭാരശുശ്രൂഷനെ (പൊതുമാടന്‍‍ ചെമ്മായിയെ) മെത്രാനായിവാഴിച്ചുകൊണ്ടു് ആ ആണ്ടില്‍‍‍ തന്നെ മലങ്കര സഭ എപ്പിസ്കോപ്പല്‍ സഭാശാസ്ത്രം സ്വീകരിച്ചു. മലങ്കര സഭയുടെ അപേക്ഷപ്രകാരം അന്ത്യോക്യാ പാത്രിയര്‍ക്കീസുകൂടിയായിരുന്ന പൗരസ്ത്യ കാതോലിക്കോസ് അബ്ദുല്‍‍‍ മിശിഹാ ഒന്നാമന്‍അയച്ച അബ്ദുല്‍ ജലീല്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1965-ല്‍‍‍ മലങ്കര സഭയെ മെത്രാപ്പോലീത്തന്‍ സഭയായി ഉയര്‍ത്തി. 1876-ലെ മുളന്തുരുത്തി സുന്നഹദോസിനു് ശേഷം വലിയ മെത്രാപ്പോലീത്തന്‍ സഭയുമായി മാറി. രണ്ടു് പൗരസ്ത്യ കാതോലിക്കോസുമാര്‍ (മാര്‍ ബസേലിയോസ് യെല്‍‍ദോ ബാവയും മാര്‍ ബസേലിയോസ് ശക്രള്ള ബാവയും) മലങ്കരയില്‍ അജപാലനാര്‍ത്ഥം വന്നു് കബറടങ്ങി. പൗരസ്ത്യ കാതോലിക്കാസനം 1860-ല്‍ അന്ത്യോക്യാ പാത്രിയര്‍ക്കാസനത്തില്‍ ലയിച്ചതിനു് ശേഷം 1876-ലെ മുളന്തുരുത്തി സുന്നഹദോസോടെ മലങ്കര സഭ അന്ത്യോക്യാ പാത്രിയര്‍ക്കാസനത്തിന്റെ ആത്മീയഅധികാരത്തിന്‍‍ കീഴിലായി.

1896-ലെ പാത്രിയര്‍ക്കാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭവിട്ടു് റോമന്‍ കത്തോലിക്കാസഭയില്‍ ചേര്‍‍ന്നു് ഹോംസിലെ റീത്തു് മെത്രാപ്പോലീത്തയായ അബ്ദുല്ലമെത്രാന്‍ ഹമീദ് സുല്‍‍ത്താനെ സ്വാധീനിച്ചു് അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ അധികാരപത്രം (ഫര്‍മാന്‍) റദ്ദാക്കിച്ചു് അബ്ദുല്ല രണ്ടാമന്‍ എന്നപേരില്‍ എതിര്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസായതു് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയില്‍ പ്രതിസന്ധിയുണ്ടാക്കി. പില്‍ക്കാലത്തു് പൗരസ്ത്യ കാതോലീക്കോസായ ഔഗേന്‍ ബാവ അക്കാലത്തു് അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍‍ശിച്ചു് മലങ്കര സഭയ്ക്കു് സത്യവിശ്വാസം നിലനിറുത്താന്‍ വേണ്ടി പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് മലങ്കരയിലേയ്ക്കു് മാറ്റുവാന്‍ സമ്മതിപ്പിച്ചു. മലങ്കരമെത്രാപ്പോലീത്തയുടെ ലൗകിക അധികാരങ്ങള്‍ അബ്ദുല്ല രണ്ടാമന്‍ ബാവയ്ക്കു് കൈമാറി ഉടമ്പടിനല്കണമെന്ന നിര്‍‍ദേശം പാലിയ്ക്കാത്തതിനു് മലങ്കരമെത്രാപ്പോലീത്ത വട്ടശേരില്‍ ദിവന്നാസിയോസിനെ അബ്ദുല്ല രണ്ടാമന്‍ ബാവ 1911-ല്‍‍ മുടക്കിയപ്പോള്‍ അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസ് മുടക്കു് റദ്ദാക്കി അദ്ദേഹത്തെ പുനഃസ്ഥാപിച്ചു.

പിന്നീടു് മലങ്കരയിലെഴുന്നള്ളി പൗരസ്ത്യ കാതോലിക്കാസനം പൂര്‍‍ണമായി പുനഃരുദ്ധരിപ്പിച്ചു് ബസേലിയോസ് പൗലോസ് ഒന്നാമനെ മലങ്കരയിലെ ഒന്നാമത്തെ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കുന്നതിനു് നേതൃത്വം നല്കി . തിരികെ മര്‍ദീനിലെത്തിയ അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിനു് പാത്രിയര്‍ക്കാഅധികാരമെല്ലാം തിരികെ ലഭിയ്ക്കുകയും 1915 ഓഗസ്റ്റ് 15-ആം തീയതി കാലം ചെയ്യുന്നതുവരെ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളുകയും ചെയ്തു. എതിര്‍ പാത്രിയര്‍‍ക്കീസ് അബ്ദുല്ല രണ്ടാമനു് മര്‍ദീനില്‍ പ്രവേശിയ്ക്കാന്‍ പറ്റാത്തതിനാല്‍ ഊര്‍ശലേമില്‍ തുടരുകയും കാഴ്ച നഷ്ടപ്പെട്ടു് യാതനകളനുഭവിച്ചു് കാലം ചെയ്തു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ അധികാരപത്രം (ഫര്‍മാന്‍) റദ്ദാക്കിയ ഓട്ടോമന്‍‍ തുര്‍‍ക്കിയുടെ ഹമീദ് സുല്‍‍ത്താന്‍ നേരത്തെതന്നെ വധിയ്ക്കപ്പെട്ടിരുന്നു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ റിപ്പബ്ലിക്കന്‍വാദികളായ പ്രതിപക്ഷത്തെ സഹായിച്ചുവെന്നു് ബോദ്ധ്യപ്പെടുത്തിയാണു് വിമതര്‍ സുല്‍‍ത്താനെ സ്വാധീനിച്ചതു്.

അബ്ദുല്ലാ പാത്രിയര്‍ക്കീസും അദ്ദേഹത്തിന്റെ പിന്‍ഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മില്‍ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയില്‍ അധികാരമല്‍സരം നടന്നു.1958-ല്‍ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയര്‍ക്കീസും പരസ്പരം അംഗീകരിച്ചു.
1965-ല്‍ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഡീസ് അബാബ സുന്നഹദോസില്‍ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയര്‍ക്കീസും പങ്കെടുത്തു. അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മില്‍1971-ല്‍ വീണ്ടും ആരംഭിച്ച അധികാരതര്‍ക്കത്തില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് യാക്കൂബ് തൃതീയന്‍ തന്റെ കീഴില്‍ 1975-ല്‍ ഒരു എതിര്‍ പൗരസ്ത്യ കാതോലിക്കോസിനെ ബസേലിയോസ് പൗലോസ് രണ്ടാമനെന്നപേരില്‍ നിയമിച്ചു (ബസേലിയോസ് പൗലോസ് ഒന്നാമന്‍‍ 1912-ല്‍ നിയമിതനായ പൗരസ്ത്യ കാതോലിക്കോസായിരുന്നു).

ഈ തര്‍ക്കത്തിനു് തീര്‍പ്പുണ്ടായതു് ഭാരത സുപ്രീം കോടതി 1995-ല്‍ വിധി കല്പിച്ചു് 2002-ല്‍ നടപ്പില്‍വരുത്തിയതോടെയാണു്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീര്‍പ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയില്‍തുടര്‍‍ന്നപ്പോള്‍ സുപ്രീം കോടതി തീര്‍പ്പിനോടു് വിയോജിച്ച വിഭാഗം2002ജൂലയ് 6-നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പേരില്‍ പുതിയ സഭാഘടകം രൂപവല്‍ക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ അതിരൂപതയായിമാറി. ഈ അതിരൂപതഅദ്ധ്യക്ഷനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴില്‍ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ല്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിന്‍‍ഗാമിയായിട്ടായിരുന്നില്ല.

2004 ഒക്റ്റോബറില്‍ അലക്സാന്ത്രിയന്‍ മാര്‍പാപ്പയോടും ആര്‍‍മീനിയന്‍‍ കിലിക്യാ കാതോലിക്കോസിനോടുമൊപ്പം ചെയ്ത സംയുക്ത പ്രസ്താവനയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗ സഭകളിലൊന്നായി പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെന്ന പേരില്‍ അംഗീകരിയ്ക്കുവാന്‍ സമ്മതിച്ചു. 2005 ജനുവരിയില്‍ അംഗ സഭകളുടെ പ്രതിനിധികളടങ്ങിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കണ്‍സള്‍‍ട്ടേറ്റീവ് കമ്മറ്റി നിലവില്‍‍ വന്നു. 1965-ലെ ആഡീസ് അബാബ സുന്നഹദോസ് മുതല്‍ നിലനിന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്ഥിരം സമിതി1975-ല്‍ പൗരസ്ത്യ കാതോലിക്കോസിനെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് മുടക്കി എതിര്‍‍ പൗരസ്ത്യ കാതോലിക്കോസിനെ നിീയമിച്ചതിനു് ശേഷം നിലച്ചിരിയ്ക്കുകയായിരുന്നു.

2004 സെപ്തംബറില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയില്‍ കേരളത്തിലെ മുളന്തുരുത്തിയില്‍‍ കൂടിയ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ വിഭാഗം എന്ന നിലയില്‍ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങള്‍ ഉറപ്പിയ്ക്കുന്നതിനു് തീരുമാനിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെക്കൂടാതെ പൗരസ്ത്യ സുവിശേഷ സമാജം ,സിംഹാസനപ്പള്ളികള്‍ ,ക്നാനായ ഭദ്രാസനം തുടങ്ങിയവകൂടി ഉള്‍‍‍പ്പെട്ടതാണു് പൗരസ്ത്യ സഭാഭരണാതിര്‍ത്തിയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഇടവക.

പൗരസ്ത്യ കാതോലിക്കസനമാകട്ടെ 2007-ല്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയിലുണ്ടായ പ്രതിസന്ധി മുതലെടുത്തു് അമേരിക്കയില്‍ വിശുദ്ധ യാക്കോബിന്റെ നാമത്തില്‍ സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയ്ക്കു് അംഗീകാരവും മേല്‍‍പട്ടപിന്തുണയും കൊടുക്കുകയും സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ ഭദ്രാസനമുണ്ടാക്കി മെത്രാപ്പോലീത്തയെ വാഴിച്ചുവിടുകയും ചെയ്തു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഭരണാതിര്‍ത്തിയില്‍ വിഘടിതഘടകം ഉണ്ടാക്കിയിരിയ്ക്കുകയുമാണു്.

2008/03/28

മാനവസംസ്കൃതിയുടെ സ്വര്‍ണമേല്‍ക്കൂര കത്തിയെരിയുന്നു



സോഷ്യലിസ്റ്റ് നേതാവു് പി. വിശ്വംഭരന്‍ (മുന്‍ പാര്‍ലമെന്റംഗം),വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. വി. രാജകൃഷ്ണന്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ തുടങ്ങിയവര്‍ പുറപ്പെടുവിച്ചിരിയ്ക്കുന്ന പ്രസ്താവന.

തിബെത്തിന്റെ തലസ്ഥാനത്തേയ്ക്കു് ചീനപ്പട നീങ്ങിക്കൊണ്ടിരിയ്ക്കുന്നു. ഇതുകണ്ടിട്ടും മനസ്സിലായില്ലെന്നു് നടിച്ചു് മൗനനിദ്രകൊള്ളുന്നവരുടെ മനസ്സാക്ഷിയോടാണു് ഈ വാക്കുകള്‍. ഇന്ത്യന്‍ അതിര്‍ത്തി കൈയേറി, 90,000 ചതുരശ്ര കിലോമീറ്റര്‍ കൈവശമാക്കിയതും 1962 ല്‍ കപടനാടകം കളിച്ചു് ഇന്ത്യയെ വഞ്ചിച്ചതും അരുണാചലിനു് തൊട്ടു് വിമാനത്താവളം സ്ഥാപിച്ചതും അരുണാചല്‍ പ്രദേശ് തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെമേല്‍ അവകാശവാദം ഉന്നയിച്ചതും തിബെത്തന്‍ സ്വയംഭരണപ്രദേശത്തൂടെ ഇന്ത്യന്‍ അതിര്‍ത്തിവരെ റോഡു് പണിഞ്ഞതും, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ പാകത്തിനു് വിയറ്റ്നാമിനെ ആക്രമിച്ചതും എന്തിനു് കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി സിക്കിം അതിര്‍ത്തി സന്ദര്‍ശിയ്ക്കുന്നതു് മുടക്കാന്‍ റോഡു്പണി നിര്‍ത്തിവെപ്പിച്ചതും അങ്ങനെ എത്രയോ കാര്യങ്ങളുണ്ടു് ഇന്ത്യയ്ക്കു് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാന്‍.

ഇന്നു് തിബെത്തിന്റെ തലസ്ഥാനം ചീനപ്പട്ടാളത്തിന്റെ നിയന്ത്രണത്തിലാണു്. ഒന്നേകാല്‍ ലക്ഷം തിബെത്തുകാരും ദലെയിലാമയും ഇന്ത്യയില്‍ അഭയാര്‍ത്ഥികളാണു്. രണ്ടുലക്ഷത്തിലേറെപ്പേര്‍ മറ്റു് രാഷ്ട്രങ്ങളിലും. ശേഷിച്ചതില്‍ ചിലരെ ചീനക്കാര്‍ അവരുടെ അഞ്ചാംപത്തിയായി ഉപയോഗിയ്ക്കുന്നു.

എന്നിട്ടും സ്വാതന്ത്ര്യസമരം, പ്രാണരക്ഷാര്‍ത്ഥമുള്ള സഹനസമരം, അവിടെ നടക്കുന്നു. അതിലേര്‍പ്പെട്ട അനേകംപേരെ ഇതിനകം ചൈന കൊന്നൊടുക്കി. കഴിഞ്ഞ ഏതാനും നാളില്‍ നൂറിലേറെപ്പേരെ കൊന്നതിനെ സംസ്കാരഹത്യ എന്നു് ദലെയിലാമ വിളിയ്ക്കുന്നു.

ലോകമാധ്യമ ഏജന്‍സികളെ അങ്ങോട്ടു് കയറ്റുന്നേയില്ല. ഇന്ത്യന്‍ ജീവിതത്തിന്റെ പ്രബലമായ അന്തര്‍ധാരയാണു് ഗംഗാ— കൈലാസ— മാനസസരോവര— ത്രിവിഷ്ടപ സംയുക്തയായ ആ ഹിമാലയഭൂഭാഗം. ചീനയുടെ നീക്കം ഇന്ത്യയ്ക്കറിയാമെന്നിരുന്നിട്ടും പ്രതികരണത്തിനു് അശക്തമായ, സ്വന്തം ശക്തിയ്ക്കു് വിഘടനം സംഭവിച്ച, ഒരു ഇന്ത്യയെയാണു് നാം കാണുന്നതു്.

ഈ സന്ദര്‍ഭം അനുകൂലമെന്നു് കരുതിയാണു് ചീനയുടെ പുതിയ പട്ടാള നീക്കവും. ഫലപ്രദമായി പ്രതികരിച്ചു് ലോകമനസ്സാക്ഷിയെ ഉണര്‍ത്താനും നിരപരാധികളായ തിബെത്തു് ജനതയെ രക്ഷിക്കാനും ഇന്ത്യന്‍ നേതൃത്വത്തെ പ്രേരിപ്പിയ്ക്കേണ്ട അവസ്ഥയാണു് ഇപ്പോള്‍.

രാഷ്ട്രത്തെപ്പറ്റി വിചാരമുള്ളവര്‍ അക്കാര്യത്തിനു് മുന്നോട്ടുവരണമെന്നു്, ഇതു് രാഷ്ട്രരക്ഷ എന്നനിലയില്‍ കക്ഷിജാതി ഭേദങ്ങള്‍ക്കതീതമാണെന്നു്, ഓര്‍മ്മിപ്പിയ്ക്കട്ടെ. പ്രത്യേകിച്ചും രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരും ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും.

2007/10/13

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം

ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി 1934-ല്‍ സ്ഥാപിതമായി.
ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ, അച്യുത പടവര്‍ദ്ധനന്‍, യൂസഫ് മെഹര്‍ അലി, അശോക മേത്ത, മീനു മസാനി തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കള്‍.

സ്വാതന്ത്ര്യ സമരത്തില്‍

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സോഷ്യലിസ്റ്റ്കള്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷമായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍നിന്നു് പുറന്തള്ളുവാന്‍ ഗാന്ധിജിയുടെ കാലശേഷം കോണ്‍ഗ്രസ്സ് ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സ് ബന്ധം വിച്ഛേദിച്ചു് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരു് സ്വീകരിച്ചു.

പിളര്‍പ്പു്

1953-ല്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി ലയിച്ചു് പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി (പി എസ് പി) യായി മാറി.
കാങ്ഗ്രസ്സിന്റെ 1955-ലെ ആവഡി സമ്മേളനതീരുമാനങ്ങളെ അശോകമേത്ത സ്വാഗതം ചെയ്തതിനെ വിമര്ശിച്ചതും തിരുക്കൊച്ചിയിലെ വെടിവയ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി പട്ടം താണു പിള്ളയുടെ രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ടു് ഡോക്ടര്‍ രാം മനോഹര്‍ ലോഹിയയെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കിയപ്പോള്‍ 1955ഡിസംബര്‍ 30-ആം തീയതി സോഷ്യലിസ്റ്റു് പാര്‍ട്ടി(1955) സോഷ്യലിസ്റ്റു് പാര്‍ട്ടി രൂപവല്ക്കരിച്ചതോടെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി രണ്ടായിപിളര്‍ന്നു.

ലയനം

1964-ല്‍ സോഷ്യലിസ്റ്റു് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു്
സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടി'യായി മാറി.ലയനത്തില്‍ പങ്കെടുക്കാത ഭിന്നിച്ചു് നിന്ന പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിവിഭാഗവും സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു് 1971-‍ല്‍ സോഷ്യലിസ്റ്റു് പാര്‍ട്ടി(1971) സോഷ്യലിസ്റ്റു് പാര്‍ട്ടി എന്ന പേരു് സ്വീകരിച്ചു.

ജനതാ യുഗം

1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ജനാധിപത്യ പുനഃസ്ഥാപനത്തിനായി ലോകനായക ജയപ്രകാശ നാരായണന്റെ നിര്‍ദേശപ്രകാരം സോഷ്യലിസ്റ്റു് പാര്‍ട്ടി ഇതര പ്രതിപക്ഷ കക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കാങ്ഗ്രസ്സ്(സംഘടന) , ഭാരതീയ ലോക ദളം ,ഭാരതീയ ജനസംഘം, കാങ്ഗ്രസ്സ് ഫോര്‍ ഡെമോക്രസി എന്നിവയുമായി ചേര്‍ന്നു് ജനതാ പാര്‍ട്ടിയായി മാറി.

2006/12/09

മലയാള അക്ഷരമാലാചിത്രീകരണം

വലുതായി കാണുവാന്‍ ഇവിടെ മുട്ടുക

2006/11/29

സംവൃതവും ലിപിയും

ഠ-സംവൃതം പ്രത്യേക സ്വരം

ബൂലോഗമെന്ന വലലേഖാ ലോകത്തേയ്ക്കു് ഹ്യദ്യമായ സ്വാഗതമരുളിയ പെരിങ്ങോടര്‍ക്കും സംവൃതസ്വരത്തേപ്പറ്റിയുള്ള തന്റെ വീക്ഷണത്തിലേയ്ക്കു് ശ്രദ്ധക്ഷണിച്ച ഉമേഷിനും വരിയോടു് വരി നിരൂപണം ചെയ്ത സിബുവിനും നന്ദി പറഞ്ഞുകൊണ്ടു് തുടങ്ങട്ടെ.


മലയാള മൊഴിയില്‍ ഇപ്പോള്‍ നിലവിലുള്ള വര്‍ണങ്ങളില്‍ ലിപിയില്ലാത്തവയ്ക്കു് ലിപി വേണ്ടതാണെന്നു് ചിന്തിയ്ക്കുന്നവരുടെ കൂട്ടത്തിലാണു് പെരിങ്ങോടര്‍. ഉമേഷാകട്ടെ സംവൃതസ്വരം (ഉ്‌(അു്‌)കാരം) അര ഉകാരമാണെന്ന സങ്കല്‍പം പുലര്‍ത്തിക്കൊണ്ടാണു് അതിന്റെ ലിപിയായി ഉകാരചിഹ്നത്തിനു് ശേഷം മീത്തല്‍ എന്ന ചിഹ്നത്തെ സ്വീകരിയ്ക്കുന്നതു്. ഉ്കാരം പ്രത്യേകസ്വരമാണെന്നും അതിനെ ഇടയ്ക്കിടയ്ക്കു് ഉച്ചാരണ സൗകര്യം നോക്കി വിവൃതോകാരമായി ഉച്ചരിക്കുമ്പോള്‍ പലപ്പോഴും അര്‍ത്ഥഭേദമുണ്ടാകുമെന്നുമുള്ള കാര്യം അദ്ദേഹം ശ്രദ്ധിയ്ക്കുന്നില്ല.

സിബുവിന്റെ വിമര്‍ശത്തിലെ രചനാത്മകവശങ്ങള്‍ പരിശോധിയ്ക്കുമ്പോള്‍,അദ്ദേഹം ഉ്കാരത്തിന്റെ ലിപിവിഷയത്തില്‍ നിഷേധാത്മകനിലപാടു് സ്വീകരിച്ചതിനു് കാരണം,ഇക്കാര്യത്തില്‍ (സംവൃതസ്വരത്തിന്റെ കാര്യത്തില്‍) തീരുമാനമുണ്ടാകുന്നതോടെ ലിപിയുടെയും വര്‍ണത്തിന്റെയും വളര്‍ച്ച അടഞ്ഞു്പോകുമോയെന്നു് ഭയന്നാണെന്നു് വ്യക്തമാകും.സംവൃതത്തെ പ്രത്യേകസ്വരമായി മനസ്സിലാക്കുന്ന സിബു എന്തുകൊണ്ടു് അതിന്റെ ലിപിയെ എതിര്‍ക്കുന്നുവെന്നതു് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമായിരുന്നു. സ്വന്തമായ ലിപിയില്ലാത്ത കുറച്ചു് വര്‍ണ്ണങ്ങള്‍ എല്ലായ്പ്പോഴും ഭാഷയില്‍ തുടരുന്നതിനു് അടിസ്ഥാനമാകേണ്ടതായ ഒരു സിദ്ധാന്തത്തിനു് പിന്‍ബലമായിട്ടാണതെന്നു് ഇപ്പോള്‍ പറയാം( എഴുത്തും ഉച്ചാരണവും : വേര്‍പിരിയാതെ നില്‍ക്കേണ്ട രണ്ടു് അവതരണങ്ങള്‍ എന്ന ഉപശീര്‍ഷകം നോക്കുക).


൧-സംവൃതത്തെ നിര്‍വചിയ്ക്കാം

സംവൃത സ്വരത്തെ അതിന്റെ സ്വന്തലിപിയായി ഉരുത്തിരിഞ്ഞ ലിപികൊണ്ടു് മലയാള വിക്കിപ്പീഡിയായില്‍ രേഖപ്പെടുത്താമെന്ന ആശയം നടപ്പാകാതെ പോയതു് സിബു ഉന്നയിച്ച തടസ്സവാദം കൊണ്ടായിരുന്നു. സംവൃതത്തിനു് അതിന്റെ ലിപി ഉപയോഗിയ്ക്കുന്നതു് പക്ഷം പിടിയ്ക്കലാണെന്നു് പറഞ്ഞുള്ള സിബുവിന്റെ കടുത്ത അഭിപ്രായ വ്യത്യാസം മാനിയ്ക്കപ്പെട്ടു. സിബു പറഞ്ഞതിന്റെ യഥാര്‍ത്ഥ മെറിറ്റ്‌ സിബുവാണതു് പറഞ്ഞതെന്നതായിരുന്നുവെന്നു് ഞാന്‍ വിചാരിയ്ക്കുന്നു. ആധികാരിക വിശ്വവിജ്ഞാന ശേഖരമായി രൂപപ്പെടുത്തുന്ന ഒരു സംരംഭം നിഷ്പക്ഷവും സന്തുലിതവുമായിരിയ്ക്കണമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ,സംവൃത സ്വരം വ്യക്തമാക്കുന്നതിനു് പരക്കെ ഉപയോഗിച്ചു് വന്ന ലിപി ഉപയോഗിക്കുന്നതു്, പക്ഷം പിടിയ്ക്കലായാണു് സിബു ചിത്രീകരിച്ചതു്‌.

സംവൃതത്തിനു് അതിന്റെ സ്വന്തലിപിയായി ഉരുത്തിരിഞ്ഞ ലിപി വേണ്ടെന്നും "മീത്തല്‍" (ചന്ദ്രക്കല) മാത്രം മതിയെന്നുമുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രചരണം, തലമുറകളെത്തന്നെ വഴിതെറ്റിയ്ക്കുവാന്‍ പോന്ന വിധം ഭരണകൂടത്തിന്റെ പിന്‍ബലത്തോടെ നടക്കുമ്പോഴാണിതു്‌. ഉ്‌ അതായതു് അു്‌ എന്നലിപി പ്രാബല്യം നേടിയതിനുശേഷമാണു് 1973ല്‍ എന്‍.വി. ക്യഷ്ണവാരിയരുടെ നേതൃത്വത്തില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്‍യൂട്ടു് അച്ചടി നവീകരണത്തിനായി ലിപിമാനകീകരണം നടത്തി, പ്രധാന ലിപിപരിഷ്കാരമെന്ന നിലയില്‍, സംവൃതത്തിനു് ലിപി വേണ്ടെന്നു് നിര്‍ദ്ദേശിച്ചതു്. തുടര്‍ന്നു് സംവൃതലിപിയ്ക്കെതിരെ നിരന്തര യുദ്ധം നടത്തിവന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ മേധാവി എന്‍.വി. ക്യഷ്ണവാരിയര്‍ 1991ല്‍ പ്രസിദ്ധീകരിച്ച "മലയാള പദങ്ങള്‍ക്ക്‌ ഒരു ഏകീകൃത ലിപി വിന്യാസരീതി" എന്ന ഉപന്യാസത്തില്‍ ഇപ്രകാരമെഴുതി:

" സംവൃതത്തില്‍ അവസാനിക്കുന്ന പദങ്ങളുടെ അന്ത്യസ്വരം ഉകാരവും
മീത്തലും(ചന്ദ്രക്കലയും ) ചേര്‍ത്താണ്‌ ചിലര്‍ എഴുതുന്നത്‌. മറ്റു ചിലര്‍ മീത്തല്‍
മാത്രമേ ചേര്‍ക്കാറുള്ളൂ( കോഴിക്കോട്‌, അതുകൊണ്ട്‌ ഇത്യാദി). ഉകാരചിഹ്നം
വിട്ടുകൊണ്ടുള്ള ഈ രീതി പൊതുവേ സ്വീകരിക്കാവുന്നതാണ്‌. ഇതു വ്യാകരണ
വിരുദ്ധമാണെന്നും മറ്റുമുള്ള വാദത്തില്‍ കഴമ്പില്ല. സംവൃതത്തിനു മീത്തല്‍ മാത്രം
മതി
".

1999ല്‍ മലയാളത്തനിമ പ്രസ്ഥാനത്തിനു് വേണ്ടി കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ വി.ആര്‍.പ്രബോധചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രവര്‍ത്തിച്ച വിദഗ്ദ്ധ സമിതി തയ്യാറാക്കിയ 'മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റയില്‍ പുസ്തകം' എന്നപ്രസിദ്ധീകരണത്തില്‍ നിര്‍ദ്ദേശിയ്ക്കുന്നതിങ്ങനെയാണ്‌:

"(ക) ഉച്ചാരണത്തില്‍ നിര്‍ത്തല്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
'സംവൃതോകാരാന്ത്യ' പദത്തിനുശേഷം ചന്ദ്രക്കല വേണം.ഉദാ:- അയാള്‍ അവിടെ കണ്ടത്‌
നിന്നെത്തന്നെ.
(ഖ) നിര്‍ത്തല്‍ ഉദ്ദേശിക്കാത്തപ്പോള്‍,

  1. പിന്‍ വരുന്നപദം വ്യഞ്ജനാദിയെങ്കില്‍ ചന്ദ്രക്കലയ്ക്കു പകരം ഉകാരചിഹ്നമിടുക.
    ഉദാ
    :-പൊട്ട്‌+തൊട്ടു = പൊട്ടുതൊട്ടു.
  2. പിന്‍ വരുന്നപദം സ്വരാദിയെങ്കില്‍ ചന്ദ്രക്കല ലോപിച്ച്‌
    കൂട്ടിയെഴുതുക.
    ഉദാ:- പൊട്ട്‌+ആണ്‌ = പൊട്ടാണ്‌."

ഇങ്ങനെ, സംവൃതത്തിനു് ചന്ദ്രക്കല മാത്രം മതിയെന്നു് നിര്‍ദ്ദേശിച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ എന്നിട്ടു്, ലിപിയില്ലാത്ത വര്‍ണങ്ങളുടെ കൂട്ടത്തിലാണു് സംവൃതത്തെ പെടുത്തുന്നതു്. 2001 ഒക്ടോബറില്‍ ഉച്ചാരണം നന്നാവാന്‍ എന്ന കൃതിയില്‍ ഡോ.വി.ആര്‍. പ്രബോധചന്ദ്രന്‍ എഴുതിയതു് ഉദാഹരണം:

"ത്‌ ബുക്
ബയന്റിങ് സെന്ററാണ്‌
എന്നുച്ചരിച്ചു
നോക്കുക: ഒന്നാമതും ഒടുവിലും എഴുതിക്കാണിക്കുന്ന ചന്ദ്രക്കല
ഉച്ചരിക്കുന്നത് കേന്ദ്രസ്വരമായാണ്‌. രണ്ടാമതും
മൂന്നാമതും എഴുതിക്കാണുന്ന
ചന്ദ്രക്കലയുടെ ഉച്ചാരണ മൂല്യം അതല്ല; സ്വരം ചേരാത്ത
വ്യഞ്ജനമാണ്‌
തൊട്ടുമുമ്പ്‌ എന്നു
സൂചിപ്പിക്കുക മാത്രമാണ്‌ അതിന്റെ
ധര്‍മ്മം.് എന്നലിഖിത ചിഹ്നവും നാം
രണ്ടുതരത്തില്‍ ഉച്ചരിക്കുന്നു എന്നു്
ചുരുക്കം."

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സംവൃതസ്വരത്തെ പ്രത്യേക സ്വരമെന്നതിന്റെ സ്ഥാനത്തു് അര്‍ദ്ധസ്വരമെന്ന പദവി കൊടുത്തു് മാനിയ്ക്കാന്‍ പോലും തയ്യാറാല്ലെന്നാണു് നേരത്തെ ഉദ്ധരിച്ച പരാമര്‍ശങ്ങളുടെ സൂചന. സംവൃത സ്വരത്തെ ശൂന്യവല്‍ക്കരിച്ചു് സ്വരരഹിത വ്യഞ്ജനത്തിന്റെ ഒരു സവിശേഷതയായിക്കാണാനാണു് അവരുടെ താല്‍പര്യമെന്നാണു് ഈ ലേഖക‍ന്റെ നിഗമനം.

ഇതിനിടെ ഒരു വ്യാകരണ ഗ്രന്ഥവുമായി ബന്ധപ്പെട്ടു് സംവൃത സ്വരത്തെയും കേവല വ്യഞ്ജനത്തെയും വര്‍പെടുത്തിക്കാണിയ്ക്കേണ്ട ആവശ്യം ഏറെയുണ്ടായ അവസരത്തില്‍ ഉ്‌( അു്‌)ലിപി ഉപയോഗിക്കാന്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ തന്നെ നിര്‍ബന്ധിതമായപ്പോള്‍ ഇപ്രകാരം സമ്മതിച്ചു:

" നാടു്‌,വീടു്‌ എന്നിങ്ങനെ ഉകാരോപരി ചന്ദ്രക്കലയിടുന്ന
സമ്പ്രദായമാണ്‌ പൊതുവേ പ്രാബല്യമാര്‍ജ്ജിച്ചത്‌. കേരളപാണിനിയും
സാഹിത്യപഞ്ചാനനുമൊക്കെ ഇതേ രീതിയാണ്‌ സ്വീകരിച്ചു കാണുന്നത്‌. മാത്രകണക്കാക്കാന്‍
നിവ്രത്തിയില്ലാഞ്ഞ സ്വരരഹിതമായ കേവലവ്യഞ്ജനത്തെ ഉകാരസ്പര്‍ശമില്ലാതെ (
ഉദാ:-ക്‌,ച്‌,വാക് പ്രയോഗം)‍മുകളില്‍ ചന്ദ്രക്കലയിട്ട്‌
എഴുതിവന്നിരുന്നു
..........കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സംവൃതോകാരത്തെ
കുറിക്കാന്‍ ഉകാരോപരി ചന്ദ്രക്കലയിടുന്ന സമ്പ്രദായമല്ല സ്വീകരിച്ചിരിക്കുന്നതു്‌.
കേവലവ്യഞ്ജനത്തെയും സംവ്യതോകാരത്തെയും ഭേദം കൂടാതെ കാട്‌, നാട്‌,വാക് പ്രവാഹം
എന്നിങ്ങനെ ഒരേ തരത്തില്‍ രേഖപ്പെടുത്തുകയാണ്‌. കഴിഞ്ഞ പതിപ്പ്‌ പരിശോധിച്ച പലരും
ഇതുകൊണ്ടുണ്ടായ തകരാറുകള്‍ ശ്രദ്ധയില്‍പ്പെടുത്തി. സംവൃതോകാരവും കേവലവ്യഞ്ജനവും
തിരിച്ചറിയാനാവാതെ പോകുന്നത്‌ വ്യാകരണഗ്രന്ഥങ്ങളില്‍ ഏറെ കുഴപ്പങ്ങള്‍ക്ക്‌
വഴിവയ്ക്കുമല്ലോ.
"( സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണ പിള്ളയുടെ വ്യാകരണ പ്രവേശികയുടെ രണ്ടാംപതിപ്പ്‌;കേരളഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്‌;1995)

ഈ പശ്ചാത്തലത്തിലാണു്, സംവൃതമെന്ന പ്രത്യേക ലിപി ഇല്ലാതാക്കുകയല്ല,തുടരുകയാണു് ഭാഷയ്ക്കു് നല്ലതെന്നു് പറയുന്നതും അപ്രകാരമൊരു നിലപാടിലേയ്ക്ക്‌ സിബു എത്തിച്ചേരണമെന്നു് അപേക്ഷിക്കുന്നതും.ഉ്‌കാരം സംബന്ധിച്ച പഴയ തര്‍ക്കങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായേ കാണേണ്ടതുള്ളൂ. സംവൃത സ്വരത്തിന്റെ നിര്‍ണ്ണയത്തിലുണ്ടായ ആശയക്കുഴപ്പം മൂലം അതു് അര അകാരമാണോ അര ഉകാരമാണോ എന്നൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ തര്‍ക്കങ്ങളുണ്ടായി.ആറ്റൂരും സി.അച്യുതമേനോനും (വിദ്യാ വിനോദിനി പത്രാധിപര്‍ ) വിദ്യാ വിനോദിനിയും ഈ സ്വരം അര അകാരമാണെന്നു് വാദിച്ചു.അര ഉകാരമാണെന്ന നിലപാടെടുത്തതു് ഏ ആര്‍ രാജരാജ വര്‍മയായിരുന്നു.അര അകാരവാദികള്‍ പിന്നീടു് ഈ സ്വരത്തിനു് പ്രത്യേക ചിഹ്നമെന്ന നിലയില്‍ ‍മീത്ത‍‍ല്‍‍‍‍ (ചന്ദ്രക്കല) സ്വീകരിയ്ക്കണമെന്ന നിലപാടെടുത്തു.നൂറ്റിയാറാണ്ടു് മുമ്പു് കൊല്ലം ൧ഠ൭൬ (1076)-ാമാണ്ടു് തുലാം ലക്കം വിദ്യാവിനോദിനിയില്‍ കെ നാരായണ മേനോന്‍ ഇപ്രകാരമെഴുതി :-

സ്വരങ്ങളുടെ മുമ്പ വരുന്ന അക്ഷരങ്ങള്‍ അര്‍ദ്ധാകാര
ശബ്ദമായിരിയ്ക്കുമ്പോള്‍ ,മീത്തല്‍ ഉപയോഗിയ്ക്കേണ്ടത
അത്യാവശ്യമാകുന്നു.എന്തുകൊണ്ടെന്നാല്‍ ,അങ്ങനെ ചെയ്യാത്ത പക്ഷം ,സ്വരങ്ങളുടെ
മുമ്പിരിയ്ക്കുന്ന അക്ഷരത്തെ വിവൃതമായി ഉച്ചരിയ്ക്കുന്നതുകൊണ്ട ,സന്ധിചേരുന്ന സമയം
നിയമപ്രകാരമുള്ള ശബ്ദം ജനിയ്ക്കുന്നതല്ല.
സംവൃതാന്തമായ
വാക്കുകള്‍ മറ്റു വാക്കുകളോട ചേര്‍ത്തുച്ചരിക്കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ ,ഉകാരം
സ്ഫുടമായി ഉച്ചരിക്കേണ്ടുന്ന സ്ഥലങ്ങളിലും വാചകങ്ങള്‍ അവസാനിയ്ക്കുന്ന സമയത്തും
മീത്തല്‍ ഉപയോഗിക്കുന്നതാണ അധികം നല്ലത.

അര ഉകാര(സംവൃതോകാരം)വാദികളും മീത്തല്‍ സംവൃതചിഹ്നമായി സ്വീകരിച്ചുവെങ്കിലും അതു് ഉകാരചിഹ്നം ചേര്‍ത്തതിനു് ശേഷമായിരുന്നു.വിദ്യാവിനോദിനി നിര്‍ദേശത്തില്‍ നിന്നു് വ്യത്യസ്ഥമായി, സംവൃതത്തെ പറ്റുന്നിടത്തെല്ലാം പൂര്‍ണ്ണ ഉകാരമായി(വിവൃതോകാരം) ഉച്ചരിയ്ക്കാനും എഴുതാനുമാണു് അവര്‍ ശ്രമിച്ചതു്. സംവൃത സ്വരത്തെ എല്ലായ്പ്പോഴും വിവൃതോകാര(പൂര്‍ണ്ണഉകാരം)‍മായി സ്വീകരിച്ചാല്‍ ‍പലപ്പോഴും വലിയ അര്‍ത്ഥഭേദം തന്നെയുണ്ടാകും (ഉദാ :-രാമന്‍ ഉണ്ടു് /രാമന്‍ ഉണ്ടു).

സംവൃതത്തിനു് ചന്ദ്രക്കലമാത്രം മതിയെന്നു് ഇപ്പോള്‍ വാദിയ്ക്കുന്ന വിഭാഗം സംവൃതത്തിനു് പൂര്‍ണഉകാരചിഹ്നം ഉപയോഗിയ്ക്കാന്‍ പറ്റാത്തിടത്തു് ചന്ദ്രക്കല ഉപയോഗിയ്ക്കുകയെന്ന അശാസ്ത്രീയ സമീപനമാണു് സ്വീകരിച്ചിരിയ്ക്കുന്നതു്. സംവൃത സ്വരത്തെ പറ്റുന്നിടത്തെല്ലാം വിവൃതോകാരമാക്കി മാറ്റുന്ന രീതി പറ്റില്ലെന്നു് വന്നാല്‍ സംവ്രത്തിനു് ചന്ദ്രക്കല മാത്രം മതിയെന്ന വാദത്തിനു് ഭാവിയില്ല.

സ്വരരഹിതത്തിന്റെ അംഗീകൃത ചിഹ്നമായ മീത്തല്‍, സംവൃതത്തിന്റെ ചിഹ്നമായിക്കൂടി ഉപയോഗിയ്ക്കുന്നതു് ഭാവിയിലുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍ ‍ഒഴിവാക്കുവാന്‍, അര്‍ദ്ധ ഉകാരവാദികള്‍ സ്വീകരിച്ച ഉകാര ചിഹ്നത്തോടൊപ്പം മീത്തലുമെന്ന ചിഹ്നം, അര്‍ദ്ധ അകാരവാദികള്‍ നിര്‍ദേശിച്ച മീത്തല്‍ മാത്രമെന്ന ചിഹ്നത്തിനു് പകരമായി സ്വീകരിച്ചു്കൊണ്ടു്, മുകളിലുദ്ധരിച്ച വിദ്യാവിനോദിനി നിര്‍ദേശം സ്വീകരിയ്ക്കുകയാണു് നല്ലതു്. സംവൃത സ്വരം, അര്‍ദ്ധ സ്വരമെന്നതില്‍ നിന്നു് പൂര്‍ണ സ്വരമെന്ന നിലയിലെത്തുകയും ചെയ്യും.സാഹിത്യപഞ്ചാനനെപ്പോലുള്ളവര്‍ സംവൃതത്തെ പൂര്‍ണസ്വരമായി ഗണിച്ചിരുന്നുവെന്ന കാര്യം കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നുവല്ലോ.

സംവൃതസ്വരത്തിന്‍‍റെ സവിശേഷത ഇപ്രകാരം നിര്‍വചിയ്ക്കട്ടെ:അ, ഇ, ഉ എന്നീ സ്വരങ്ങളോരോന്നിനോടും സാമ്യമുണ്ടെന്നു് തോന്നിയ്ക്കുന്നതും എന്നാല്‍ അവയെപ്പോലെ ഒരു സ്വതന്ത്രസ്വരവുമാണു് സംവൃതസ്വരം. ചേര്‍ന്നു് വരുന്ന മറ്റു് സ്വരത്തില്‍ ഇതു് ലയിക്കുന്നു. സ്വരമില്ലാത്ത വ്യഞ്ജനങ്ങള്‍, അടുത്തു് വരുന്ന വ്യഞ്ജനത്തില്‍ ലയിക്കാതെയും സ്വതന്ത്ര ഉച്ചാരണമായി(ചില്ലായി)ട്ടല്ലാതെയും ഉച്ചരിക്കുമ്പോള്‍ സംവൃതസ്വരം സ്വീകരിക്കുന്നു.ലിപി: ഉ്‌ ( അു്‌)


൨-എഴുത്തും ഉച്ചാരണവും : വേര്‍പിരിയാതെ നില്‍ക്കേണ്ട രണ്ടു് അവതരണങ്ങള്‍

എഴുത്തും ഉച്ചാരണവും തമ്മില്‍ സന്ധിയാകുന്നതു് രണ്ടിന്റെയും പരിണാമത്തെ പിന്നിലേയ്ക്കു് വലിയ്ക്കുകയേയുള്ളൂ എന്ന ഒരു നിഗമനത്തിലെത്തി, അതിനെ കേന്ദ്രമാക്കിയാണു് സിബു തന്റെ നിലപാടുകളെ ഉറപ്പിച്ചിരിക്കുന്നതു്. മറ്റു ഭാഷകളില്‍ നിന്നു് വര്‍ണങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന വിധം നമ്മുടെ ഭാഷ വഴങ്ങണമെന്നു് അദ്ദേഹം ചിന്തിക്കുന്നു( എന്നു് തോന്നുന്നു). " എഴുത്തും ഉച്ചാരണവും ഭാഷയുടെ രണ്ടു് അവതരണങ്ങളാണു്" എന്നു് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു് അതിനു് വേണ്ടിയാണു് (എഴുത്തും ഉച്ചാരണവും ഭാഷയുടെ വേര്‍പിരിയാതെ നില്‍ക്കേണ്ട രണ്ടു് അവതരണങ്ങളാണു് എന്ന സമീപനമാണു് സ്വീകാര്യം).


ഗവേഷണ ആവശ്യങ്ങള്‍ക്കായി സ്വനിമ മാല(വര്‍ണ്ണ മാല) വേണമെന്നും അതില്‍ നിന്നും പൊതുജനങ്ങള്‍ക്കു് വളരെ ഇഷ്ടപ്പെടുന്ന ലിപി എഴുത്തിലേയ്ക്കു് പകരട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭാഷയിലെ ലിപി നഷ്ടമായതും ലിപിയില്ലാത്തതുമായ വര്‍ണ്ണങ്ങള്‍ക്കു് ലിപിയുണ്ടാവുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നു എന്നു് അപ്പോള്‍ കരുതാം. പുതിയൊരു ലിപി ഒരു ഭാഷയിലേയ്ക്കു് ശാസ്ത്രീയമായും ജനാധിപത്യരീതിയിലും കൊണ്ടുവരുന്നതു് എളുപ്പമല്ലെന്നു് അദ്ദേഹം പറയുന്നു. ഇവിടെ അദ്ദേഹം എടുത്തുപറയുന്ന ജനാധിപത്യരീതിയിലുള്ള വിശ്വാസം പ്രശംസനീയമാണു്‌.പക്ഷെ, 1968-74 കാലത്തു് രാഷ്ട്രീയാധികാരം കൊണ്ടു് നടപ്പിലാക്കിയ ലിപി പരിഷ്ക്കാരം പോലൊരു പരിഷ്കരണ രീതി ജനാധിപത്യവിരുദ്ധമാണോ? പണ്ടു് വട്ടെഴുത്തു് ആര്യയെഴുത്തായതും രാഷ്ട്രീയ തീരുമാനങ്ങളിലൂടെയായിരിക്കണം. അന്നാണു് നമുക്കു് 'മാറ്റ'ത്തിലെ 'റ്റ' എന്ന വര്‍ണത്തിന്റെയും 'ആന'യിലെ 'ന' വര്‍ണത്തിന്റെയും ലിപി നഷ്ടമായത്‌. ദ്രാവിഡമധ്യമങ്ങളായ ള,ഴ,റ കള്‍ പിന്നീടാണു് നമ്മുടെ ഇപ്പോഴത്തെ ലിപിമാലയില്‍ വന്നു് ചേര്‍ന്നതു് . ദന്ത്യ ലകാര വ്യഞ്ജനത്തിന്റെ സ്വര രൂപമായ ഌ ഉപയോഗമില്ലാതെ വന്നപ്പോള്‍ വേണ്ടാതെയുമായി. എകാരത്തിന്റെയും ഒകാരത്തിന്റെയുംഹ്രസ്വ–ദീര്‍ഘങ്ങള്‍ക്കു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ഹ്രസ്വ ലിപികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'ഈ'യ്ക്ക് ലിപിയുണ്ടായിട്ടും ഏറെക്കാലമായുമില്ല.


റ്റയുടെ വര്‍ണത്തിനും വര്‍ത്സ്യ അനുനാസികത്തിനും ലിപികൊണ്ടു് വരുവാനുള്ള എ.ആര്‍. രാജരാജ വര്‍മ്മയുടെ ശ്രമങ്ങള്‍ക്കു് എന്തു് സംഭവിച്ചുവെന്നു് ചോദിച്ചാണു് ഭാഷയിലെ വര്‍ണ്ണങ്ങള്‍ക്കെല്ലാം ലിപിയുണ്ടാവുന്നതു് അപ്രായോഗികമായിരിയ്ക്കുമെന്ന നിഗമനത്തില്‍ സിബു എത്തുന്നത്‌.'ആന'യിലെ 'ന' വര്‍ണത്തിനു് എ.ആര്‍ രാജരാജവര്‍മ്മ നിര്‍ദ്ദേശിച്ച ள ഇപ്പോഴും ഉപയോഗത്തിലുണ്ടു്. വ്യാകരണഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചു് കാണുന്ന ள എന്ന ലിപി മലയാള ഭാഷയറിയാവുന്ന നല്ലൊരു ശതമാനമാളുകള്‍ക്കും അറിയാം . മലയാള ഡി.റ്റി.പിയില്‍ ജിസ്റ്റിനു മുന്‍പു് ഉപയോഗിച്ചു് വന്നിരുന്ന പ്രകാശകിന്റെ രേവതി ഫോണ്ടില്‍ ள യുണ്ടായിരുന്നു. ലിപിപരിഷ്കരണ തീരുമാനങ്ങളെടുത്തവരും പ്രധാന പത്രങ്ങളുടെ പ്രസാധകരും ഫോണ്ടു് നിര്‍മ്മാതാക്കളും താല്‍പര്യം കാണിയ്ക്കാതിരുന്നിട്ടും എ ആറിന്റെ ள എന്ന ലിപി ഇല്ലാതായില്ല. പക്ഷെ, റ്റ (മാറ്റം) യിലെ വര്‍ണമായ വര്‍ത്സ്യ ഖരത്തിനു് വേണ്ടി അദ്ദേഹം നിര്‍ദ്ദേശിച്ച ட എന്ന ലിപി മലയാള ഭാഷാഘടനയുമായി ചേര്‍ച്ചയില്ലാത്തതായതിനാല്‍ സ്വീകാര്യത കിട്ടിയില്ല എന്നതു് വസ്തുതയാണു്. എന്നാല്‍ അതിനു് ലിപി വേണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമായി അവശേഷിച്ചു.


സംവൃത സ്വരത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ അതിന്റെ പ്രത്യേകലിപിയായ ഉ്‌(അു്‌) എന്നതിനെ പഠന ഗവേഷണ ആവശ്യങ്ങള്‍ക്കുള്ള സ്വനിമ മാലയിലുള്‍പ്പെടുത്തി ക്രമേണ എഴുത്തിലേയ്ക്കു പകരട്ടെ എന്ന അഭിപ്രായത്തില്‍ സിബു എത്തിച്ചേര്‍ന്നിരിയ്ക്കുകയാണോ ?അതോ സംവൃതത്തിനു് ശാസ്ത്രീയമായും ജനാധിപത്യരീതിയിലും അതായതു്, പൊതുചര്‍ച്ചയിലൂടെ ഇപ്പോഴത്തെ ലിപിയോ മറ്റെന്തെങ്കിലും ലിപിയോ ഉണ്ടായിക്കൊള്ളട്ടെ എന്ന സമീപനം സ്വീകരിക്കുകയാണോ?


൩-ലിപിയില്ലായ്മ വരുത്തുന്ന ദീര്‍ഘകാല വൈകല്യങ്ങള്‍


മറ്റു് ചില ഭാഷകളെപ്പോലെ നമ്മുടെ ഭാഷയ്ക്കും പല വര്‍ണ്ണങ്ങള്‍ക്കു് ഒറ്റ ലിപി എന്ന രീതിയായാലെന്തെന്നു് സിബു ചിന്തിക്കുന്നുണ്ടു്‌. അതിനു് വല്ല മാനദണ്ഡവും വേണമെന്നു് അദ്ദേഹം കരുതുന്നുണ്ടോയെന്നറിയില്ല. ഒന്നിലധികം വര്‍ണ്ണങ്ങള്‍ക്കു് ഒറ്റ ലിപി ഉപയോഗിക്കുന്നതു് ഭാഷയുടെ വളര്‍ച്ചയെ ഏതെങ്കിലും വിധത്തില്‍ മന്ദീഭവിപ്പിക്കുകയോ വികലമാക്കുകയോചെയ്യുമെന്നു് അനുഭവങ്ങള്‍ ‍സാക്ഷിയ്ക്കുന്നുവെന്നു് കഴിഞ്ഞ ലേഖനത്തില്‍ ‍എളിയവനായ ഈ ലേഖകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‍അങ്ങനെ സാക്ഷിയ്ക്കുന്ന അനുഭവങ്ങള്‍ ‍പങ്കു് വയ്ക്കണമെന്നു് സിബു ആവശ്യപ്പെട്ടിരുന്നു.
പദാദിയിലില്ലാത്ത ഖരങ്ങള്‍ മൃദുവായും ഗ ജ ഡ ദ ബ യ ര ല റ ക്ഷ തുടങ്ങിയ അകാര വ്യഞ്ജനങ്ങള്‍ ‍എകാരമായും ഉച്ചരിക്കുന്ന മലയാള ഭാഷാ പ്രത്യേകതയുടെ ഉറവിടം ഒന്നിലധികം വര്‍ണങ്ങള്‍ക്കു് ഒറ്റ ലിപി ഉപയോഗിയ്ക്കാനുണ്ടാക്കിയ വ്യവസ്ഥകളായിരുന്നുവെന്നതിലേയ്ക്കു് ‌സിബുവിന്റെ ശ്രദ്ധയെ ക്ഷണിയ്ക്കുകയാണു്.

  1. സംസ്കൃത ഭാഷയിലെ മൃദുവര്‍ണങ്ങള്‍ ദ്രാവിഡ ഭാഷയായ മലയാള ഭാഷയിലേയ്ക്കു് വന്നതിനൊപ്പം അതിനു് മലയാളഭാഷയുടെ അന്നത്തെ പ്രാമാണിക ലിപിയായ വട്ടെഴുത്തില്‍ ‍ലിപിയുണ്ടാവാതെ വന്നതു്കൊണ്ടു് ‍പദാദിയിലൊഴിച്ചുള്ള ഖരങ്ങള്‍ മൃദുവായി ഉച്ചരിയ്ക്കുകയെന്ന വ്യവസ്ഥയുണ്ടാക്കി. എന്നാല്‍ ‍പിന്നീടു് സംസ്കൃത വര്‍ണങ്ങളെയെല്ലാം ഉള്‍ക്കൊള്ളാന്‍ ‍വേണ്ടി മലയാള ഭാഷയുടെ ലിപിയായി ആര്യയെഴുത്തു് കൊണ്ടുവന്നപ്പോള്‍ ‍ഭാഷയില്‍ മൃദുവര്‍ണ്ണങ്ങള്‍ക്കും ലിപിയുണ്ടായെങ്കിലും പദാദിയിലില്ലാത്ത ഖരങ്ങളെ മൃദുവായി ഉച്ചരിക്കുന്ന രീതി തുടര്‍ന്നു. സമാന വര്‍ണ്ണങ്ങളും ലിപി വിന്യാസങ്ങളുമുള്ള ഇതര ഭാരതീയ ഭാഷ(ഹിന്ദി പോലുള്ള)കളിലെ പദങ്ങള്‍ ‍ലിപ്യന്തരണം ചെയ്യുമ്പോള്‍ ‍സമാന വര്‍ണ്ണങ്ങളായിട്ടും ഉച്ചാരണ വ്യത്യാസം വരുന്നുവെന്നതു് ശ്രദ്ധിക്കുക.ഉദാ:- സചിന്‍, പാലീപുത്രം, സിയാചിന്‍
  2. ഹ്രസ്വ-ദീര്‍ഘ എകാരങ്ങള്‍ ആര്യയെഴുത്തിലൊന്നായിരുന്ന കാലത്തു് ഹ്രസ്വ എകാരം ഭാഷയില്‍ വേര്‍തിരിച്ചു് ‍ഉപയോഗത്തില്‍ ‍വരുത്തിയതു് ഗ ജ ഡ ദ ബ യ ര ല റ ക്ഷ എന്നീ അകാരാക്ഷരങ്ങള്‍ ഹ്രസ്വ എകാരത്തില്‍ ഉച്ചരിക്കണമെന്ന നിയമം കൊണ്ടു്വന്നായിരുന്നു. അങ്ങനെ ജെലം, ബെലം എന്നിങ്ങനെ ഉച്ചരിക്കേണ്ടവ ജലം, ബലം എന്നിങ്ങനെ എഴുതിവരാനിടയായി. അക്കാലത്തു് നമ്മുടെ ലിപിയില്‍ ‍എ എന്നലിപിയും െ എന്ന ഉപ ലിപിയും ഉണ്ടായിരുന്നുവെങ്കിലും ഉച്ചാരണംപൊതുവേ ദീര്‍ഘ എകാരമായിട്ടായിരുന്നു. അന്നു് ,അദ്ദേഹം എന്നതിന്റെ ലിപിവിന്യാസം അദ്ദെഹം എന്നതായിരുന്നു. ചെമ്പു്, ചേമ്പു് എന്നീ വാക്കുകള്‍ ഒരുപോലെ ചെമ്പു് എന്നു് എഴുതി.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണു് എകാരത്തെ ഹ്രസ്വവും ദീര്‍ഘവുമായി വിഭജിച്ചു് ഇപ്പോഴത്തെ ഹ്രസ്വ-ദീര്‍ഘ എകാര(എ-ഏ ) ലിപികള്‍ രൂപപ്പെടുത്തിയതു്. ഇപ്പോള്‍ ഹ്രസ്വ എകാരത്തിനു് ലിപിയുണ്ടായിട്ടും ബെലം എന്നുച്ചരിക്കുന്ന വാക്കു് ബലം എന്നെഴുതുന്ന രീതി തുടരുന്നു. പുതിയതലമുറക്കാര്‍ ‍"ബലം" എന്നെഴുതി ബലം എന്നു് തന്നെ ഉച്ചരിക്കുവാന്‍ ‍താല്‍പര്യപ്പെടുന്നതു് കൊണ്ടു്, ചുരുക്കം ചില വാക്കു്കളൊഴിച്ചു് ബാക്കിയുള്ളവയ്ക്കൊന്നിനും, അകാരത്തിലെഴുതി എകാരത്തില്‍ ‍ഉച്ചരിയ്ക്കുന്ന സമ്പ്രാദായം (അറിവില്ലായ്മ കൊണ്ടാണെങ്കിലും) പലരും പിന്തുടരുന്നില്ല എന്നതു് സ്വാഗതാര്‍ഹമാണ്‌.
  3. ഒകാരത്തിന്റെ ഹ്രസ്വ–ദീര്‍ഘങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഒരുപോലെയാണെഴുതിയിരുന്നതു്.കൊട്ടയെന്നും കോട്ടയെന്നും എഴുതിക്കാണിയ്ക്കുവാന്‍ ‍കൊട്ടയെന്ന ലിപിവിന്യാസമായിരുന്നു ശരണം.അതൊരു വലിയ കൊട്ടയാകുന്നു എന്നെഴുതിയാല്‍ എന്തര്‍ത്ഥമാക്കണമെന്നതു് അക്കാലത്തെ ഒരു വിവാദമായിരുന്നു.
  4. വട്ടെഴുത്തു് നമ്മുടെ ലിപിയായിരുന്ന കാലത്തു് ലിപിയുണ്ടായിരുന്ന വര്‍ത്സ്യ അനുനാസികമായ ள യ്ക്കു്‌ ആര്യയെഴുത്തു് വന്നപ്പോള്‍ ‍ലിപിവേണ്ടെന്നു വച്ചു് ആദ്യം വരുന്ന നയെ ദന്ത്യ അനുനാസികമായ യായും പിന്നീടു് വരുന്ന നകള്‍ വര്‍ത്സ്യ അനുനാസികമായും ഉച്ചരിക്കണമെന്നുമുള്ള വ്യവസ്ഥ കൊണ്ടു്വന്നു.അതു്കൊണ്ടു് വര്‍ത്സ്യ അനുനാസികമായ ள യെന്ന വര്‍ണം ഭാഷയിലുണ്ടായിട്ടും പലരും അതിന്റെ സ്ഥാനത്തു് ദന്ത്യ അനുനാസികം സ്വീകരിച്ചു് ‌നമ്പര്‍, നെപ്പോളിയന്‍, നാഷണല്‍, നിക്കരാഗ്വ, വംബര്‍ ‍മാസം, മീബിയ, നെബുല തുടങ്ങിയ പരകീയ പദങ്ങള്‍ പറ്റുന്നിടത്തോളം വികലമായി ഉച്ചരിയ്ക്കുന്നു.
  5. ര്‍ ‍എന്ന ചില്ലിനും പ്ര (പ്റ) എന്നതിലെ റയുടെ സ്വരത്തിനും റകാര ഉച്ചാരണമായിട്ടും അവയെ രകാരമായി കരുതുന്നുവെന്നു് പറഞ്ഞു് ഭാഷാശാസ്ത്രപരമായ പരിമിതിയായി സിബു കാണുന്ന പ്രശ്നവും ഇതു് പോലെ തന്നെ. രേഫ(ര്‍)ത്തിന്റെയും പ്ര യിലെ അ്‌റസ്വരത്തിന്റെയും ലിപി, ഭാഷ സ്വീകരിച്ചപ്പോള്‍ ‍അതു് രകാരത്തിന്റെ ചില്ലും സ്വരവുമായിരുന്നുവെന്നതു് വസ്തുതയാണു്. രകാര ഉച്ചാരണത്തിനുദാഹരണം:- രുദ്രന്‍(രുദ്ര് രന്‍), വര്‍ഷം(വര്‌ഷം). ആര്യയെഴുത്തില്‍ ‍ ദ്രാവിഡ വര്‍‍ണ്ണമായ റയ്ക്ക്‌ ലിപിയില്ലാതിരുന്നതു് കൊണ്ടു് അതിന്റെ കൂടി ചില്ലും സ്വരവുമായി മേല്‍പറഞ്ഞ ലിപി തന്നെ ഉപയോഗിക്കാനിടയായി.ഉദാ:-പ്രമാണം(പ്‌റമാണം), ഞായര്‍(ഞായറ്‌).

    സംസ്കൃതത്തിലും ആര്യലിപിയിലും റ വര്‍ണ്ണം ഇല്ലായിരുന്നെന്നു് തീര്‍ത്തും പറഞ്ഞുകൂടാ. റയുടെ സ്വരത്തോടു് സംവൃത സ്വരം ചേര്‍ന്നതാണു് ഋ (അ്റു്‌) എന്ന സ്വരം . കൃഷി, മൃഗം എന്നീ വാക്കുകള്‍ ക്‌റു്ഷി, മ്റു്ഗം എന്നിങ്ങനെയെഴുതിയാലും ഉച്ചാരണ വ്യത്യാസം വരില്ലെന്നതു് ശ്രദ്ധിയ്ക്കുക. ഌ വിലെ ദന്ത്യ ல കാരം (ക്ലു˘പ്‌തം /ക്ലിപ്തത്തിലെ ல )പോലെ റകാരവും വ്യഞ്ജന വര്‍ണ്ണമായി ആര്യയെഴുത്തില്‍ ഉണ്ടായിരുന്നില്ല. പ്ര,ദ്ര എന്നീ അക്ഷരങ്ങളിലെ സ്വരത്തിന്റെയും,ര്‍ ‍എന്ന ചില്ലിന്റെയും ഉച്ചാരണം രകാരമാണോ റകാരമാണോ എന്നു് നിര്‍ണയിയ്ക്കുവാന്‍ രൂപപ്പെട്ട വ്യവസ്ഥയിതാണു്: (൧) യ്ക്കും യ്ക്കും മുന്‍പു് വരുന്ന രേഫം കാരമായും അല്ലാത്തവ കാരമായും ഉച്ചരിക്കുക.
    (൨) പ്ര,ദ്ര എന്നീ അക്ഷരങ്ങളിലെ സ്വരം കാണിച്ചിരിയ്ക്കുന്ന ‍റകാര/രകാര ലിപി ചേരുന്ന ഖരങ്ങള്‍ ‍റകാരമായിട്ടും ഖരങ്ങള്‍ അല്ലാത്തവ രകാരമായിട്ടും ഉച്ചരിക്കുക.

    ഈ വ്യവസ്ഥകള്‍ ‍ര,റ വര്‍ണങ്ങളുടെ സ്വരത്തിന്റെയും ചില്ലിന്റെയും സ്വതന്ത്ര വികാസത്തെ തടയുന്നുവെങ്കിലും നമുക്കു് ബ്‌റിട്ടന്‍ എന്നും ബ്റാക്കറ്റ്‌എന്നും എഴുതാമെന്നതു് കൊണ്ടു് അതിജീവിക്കാന്‍ ‍കഴിയും.അതായതു്‌, ഉച്ചാരണ സന്ദേഹം വരുന്നിടത്തു് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടു് 1999 ല്‍ ‍നിര്‍ദ്ദേശിച്ചതു് പോലെ പ്‌റബോധ ചന്ദ്‌രന്‍ ( പ്രബോധ ചന്ദ്രന്‍) എന്ന രീതിയില്‍ ‍എഴുതുക.
  6. എന്റെ എന്നവാക്കിലെ അവസാനത്തെ വ്യഞ്ജനവും കയറ്റമെന്ന വാക്കിലെ റ്റ എന്ന അക്ഷരത്തിന്റെ ഇരട്ടിക്കാത്ത വര്‍ണ്ണവുമായ വര്‍ത്സ്യ ഖരത്തിന്റെ ഗതി നോക്കുക. ഈ വ്യഞ്ജനം ഭാഷയിലുണ്ടായിട്ടും ലിപിയില്ലാത്തതു് കൊണ്ടു് മൂര്‍ദ്ധന്യ ഖരമായ ഉപയോഗിച്ചു് അന്യഭാഷാപദങ്ങളെ ലിപ്യന്തരണം ചെയ്തു് സ്വീകരിക്കേണ്ടി വരുന്നു.ഉദാ:- ടെലിവിഷന്‍,പി ടി ചാക്കോ
  7. അടുത്ത കാലത്തു് ആംഗല ഭാഷയില്‍നിന്നു് കടന്നു് വന്ന പദങ്ങളായ ആഫീസ്‌ (ആപ്പീസ്‌) യല്‍ തുടങ്ങിയവയിലെ ഓഷ്ഠ്യ ഊഷ്മാവായ വ്യഞ്ജനത്തിനു് ‍ഭാഷയില്‍ ‍ലിപിയില്ലാതിരുന്നതു് കൊണ്ടു് പകരം ഓഷ്ഠ്യ ‍അതിഖരമായ ഫ എന്ന ലിപി ഉപയോഗിച്ചു് തുടങ്ങിയപ്പോള്‍ ‍ഓഷ്ഠ്യ അതിഖരത്തിന്റെ ഉച്ചാരണം അപകടത്തിലായി. ലം,ലിതം,സലം തുടങ്ങിയ പദങ്ങള്‍ ‍ഉച്ചരിക്കേണ്ടതെങ്ങനെയെന്നു് പലര്‍ക്കും സംശയമായിത്തുടങ്ങിയിരിക്കുന്നു.

രണ്ടു് വര്‍ണ്ണങ്ങള്‍ക്കു് ഒറ്റ ലിപിയെന്ന മാനദണ്ഡം വച്ചിട്ടുള്ള ലിപികള്‍ അതു് പ്രതിനിധാനം ചെയ്ത വര്‍ണ്ണങ്ങളുടെ സ്വതന്ത്രമായ നിലനില്പിനും വികാസത്തിനും തന്നെ തടസ്സങ്ങളുണ്ടാക്കിയെന്നാണു് ഈ ലേഖകന്‍ ‍മനസ്സിലാക്കുന്നതു്‌. ഈ ലിപികളുടെ സയാമീസ്‌ ഇരട്ടകളെപ്പോലുള്ള വര്‍ണവികാരങ്ങള്‍ ‍രണ്ടു് വര്‍ണങ്ങളുടെയും സ്വതന്ത്രമായ ഉപയോഗ വളര്‍ച്ചയ്ക്കു് പരസ്പരം വിഘാതം നില്‍ക്കുന്നു. ഇതിനെ നമ്മുടെ ഭാഷയുടെ പരിമിതിയായി സ്വീകരിയ്ക്കുകയല്ല, മറിച്ചു് പരാജയമായിക്കണ്ടു് മറികടക്കുകയാണു് വേണ്ടതു്‌.

൪-രാജ്യാന്തര മലയാള സ്വനലിപി മാല

നമ്മുടേതു് അക്ഷരോച്ചാരണ ഭാഷയാണു്. എഴുത്തും ഉച്ചാരണവും തമ്മില്‍ വ്യത്യാസമില്ലാത്ത ഭാഷയെന്ന നിലയില്‍ ഭാഷയിലെ എല്ലാ വര്‍ണങ്ങള്‍ക്കും ലിപി ആവശ്യമാണു്. ലിപിയില്ലെങ്കിലും ഭാഷയില്‍ ‍വര്‍ണപദവിയുള്ള വര്‍ത്സ്യ ഖരം, വര്‍ത്സ്യ അനുനാസികം, ഓഷ്ഠ്യ ഊഷ്മാവു് എന്നിവയ്ക്കും അവ കടമെടുക്കുന്ന ലിപികളായ റ,ന,ഫ കള്‍ക്കും സ്വതന്ത്രമായി വികസിയ്ക്കുവാനും ഈ വര്‍ണങ്ങള്‍ ഉ‍ള്‍ക്കൊള്ളുന്നതായ പുതിയ പേരുകളും പദങ്ങളും പറ്റുന്നിടത്തോളം കൃത്യമായി ലിപ്യന്തരണം ചെയ്തു് സ്വീകരിക്കുവാനും വര്‍ത്സ്യ ഖരം, വര്‍ത്സ്യ അനുനാസികം, ഓഷ്ഠ്യ ഊഷ്മാവു് എന്നിവയ്ക്കു് ലിപിയുണ്ടായേ തീരൂ. ഈ ലേഖക‍ന്റെ പത്രാധിപത്യത്തിലുള്ള മാവേലിരാജ്യം-രാജ്യകാര്യം പ്രസിദ്ധീകരണങ്ങളില്‍ ‍ ഈ മൂന്നു് വര്‍ണ്ണങ്ങള്‍ക്കും പ്രത്യേക ലിപി ഉപയോഗിക്കുന്നുണ്ടു്. അവ റ,ന,ഫ എന്നീ ലിപികളോടു് സാദൃശ്യമുള്ളതായതു് കൊണ്ടു് ഇക്കാര്യത്തില്‍ താല്‍പര്യമില്ലാത്ത വായനക്കാര്‍ക്കു് പ്രശ്നമുണ്ടാക്കുന്നുമില്ല . സംവൃത സ്വരത്തിനു് ഉ്‌(ു്) ചിഹ്നവും ഉപയോഗിക്കുന്നു.മാവേലി രാജ്യത്തില്‍ ‍ഉള്‍പ്പെടുത്തിയിരുന്ന അക്ഷര മാലാ ചിത്രീകരണം അന്യത്ര ചേര്‍ക്കുന്നതു് ശ്രദ്ധിച്ചാലും.

ഇപ്പോള്‍ ‍നമ്മുടെ ഭാഷയില്‍ ‍വേര്‍തിരിച്ചു് കാണാത്തതോ കണ്ടെത്താവുന്നതോ ആവശ്യമായി വരുന്നതോ ആയ വര്‍ണങ്ങളെ വ്യക്തമാക്കുവാനും അവയുടെ പഠനത്തിനുമായി സിബു നിര്‍ദ്ദേശിച്ചതു് പോലെ ഉച്ചാരണ ലിപി മാലയ്ക്കു് രൂപം കൊടുക്കാവുന്നതാണു്. ഉദാഹരണത്തിനു്, ല്‍ ‍എന്ന ചില്ലും എന്ന സ്വരവുമുള്ള ദന്ത്യ ലകാരമായ നമ്മുടെ ഭാഷയിലുണ്ടു്. ക്ലിപ്തം (ക്ലു ്പ്തം ,ക്ഌപ്തം) എന്ന വാക്കിലും അല്‍லാഹു(അല്‍+‍ല്‍‍ആഹു) എന്ന വാക്കിലുമുള്ള ദന്ത്യലകാരമാണു് വിവക്ഷ.അല്ലാഹുവെന്നും അള്ളാഹുവെന്നും പലരും തോന്നിയ പ്രകാരം എഴുതാറുള്ളതു് അല്‍+ല്‍‍ആഹു എന്നതിന്റെ ഉച്ചാരണം രണ്ടിനുമിടയ്ക്കായതിനാലാണു്.

മറ്റൊരു ഉദാഹരണം:- സ്വ എന്നതിലെ സ്വരം അ്വയാണെന്നു് പറയുമ്പോഴും ചത്വരം ,പക്വം‍ തുടങ്ങിയ വാക്കുകള്‍ ‍ശ്രദ്ധിച്ചാല്‍ അതിന്റെ ഉച്ചാരണത്തിനു് ഉഅ യോടാണു് സാമ്യമെന്നും വ്യക്തമാകും.എന്‍.ഇ.ആര്‍.സിയുടെ നിഘണ്ടുവും ഇപ്പോള്‍ ‍സിബുവും അതിനെ ആംഗല ഭാഷയിലെ Wഎന്ന അക്ഷരത്തിന്റെ ഉച്ചാരണത്തോടു് സമാനപ്പെടുത്തുന്നു. സ്വത്വത്തിലെ വ്യത്യസ്തമായ കാരമാണെന്നു് (വര്‍ണമാണെന്നു്) തീരുമാനിക്കാവുന്നതാണു്‌.

മലയാള ഭാഷക്കാര്‍ ‍നിരന്തരം ബന്ധപ്പെടുന്നതും പഠനത്തിലേര്‍പ്പെടുന്നതുമായ പരദേശ ഭാഷകളായ ആംഗലഭാഷ അറബി,സുറിയാനി തുടങ്ങിയവകളിലെ പല വര്‍ണങ്ങളും നമ്മുടെ ഭാഷയിലില്ലാത്തതാണു്. റമസാന്‍, റമദാന്‍, റമളാന്‍എന്നീ പാഠഭേദങ്ങളില്‍ പ്രചരിക്കുന്ന അറബി വാക്കിന്റെ മൂന്നാമത്തെ വ്യഞ്ജനമായ നമ്മുടെ ഭാഷയിലില്ലാത്തതു് കൊണ്ടു് ദ യായിട്ടും ള യായിട്ടും പലരുമെഴുതുന്നു. ഈ വര്‍ണം ആംഗലഭാഷയിലും ഹിന്ദിയിലുമുണ്ടു്.ഇനി അതു് നമ്മുടെ ഭാഷയിലതില്ലെന്നതു് കൊണ്ടു് പ്രശ്നമൊന്നുമില്ല. പൊതു ലിപിവിന്യാസം സ്വീകരിച്ചാല്‍ ‍മതിയാകും(ഉദാഹരണത്തിനു്,എല്ലാവരും റമസാന്‍ ‍എന്ന പദം മാനകമായി സ്വീകരിക്കുക‌). നമുക്കതു് വേണമെങ്കില്‍ ‍സയുടെ മുകളിലോ താഴെയോഎന്തെങ്കിലും ‍അടയാളം കൊടുത്തു് ഉച്ചാരണ ലിപി മാലയില്‍ ‍ചേര്‍ക്കാം .

നമ്മുടെ ഭാഷയിലേയ്ക്ക്‌ സ്വീകരിക്കുന്ന പേരു്കളും പദങ്ങളും അതാതു് പ്രദേശത്തുകാര്‍ ‍എഴുതുകയും പറയുകയും ചെയ്യുന്നതു് പോലെ വേണമെന്നു് ശഠിച്ചു് അവരുടെ ലിപികളും സ്വരസാധനയും തേടിക്കൊണ്ടു്വരുവാനുള്ള ശ്രമമായി ഉച്ചാരണ ലിപിമാല ചിട്ടപ്പെടുത്തല്‍ ‍പദ്ധതി മാറേണ്ടതില്ല. ഓരോ ഭാഷയുടെയും ഉച്ചാരണ രീതി,ആ ഭാഷയിലെവാക്കുകള്‍ ഉച്ചരിക്കുന്നതിനു് അതു് സംസാരിക്കുന്ന ജനസമൂഹത്തിന്റെ ധാരണയില്‍നിന്നു് രൂപമെടുത്തിട്ടുള്ളതാണു് . മറ്റു് ഭാഷാപദങ്ങള്‍ ‍(വ്യക്തി നാമമായാല്‍ ‍പോലും) നമ്മുടെ ഭാഷയിലെത്തിയാല്‍ ‍മലയാള ജനസമൂഹത്തിന്റെ ധാരണയില്‍ ‍നിന്നു് ഉടലെടുക്കുന്ന ഉച്ചാരണ രീതി ധാരാളം.

എങ്കിലും, മറ്റു് ഭാഷകളിലെ വര്‍ണങ്ങളെപ്പറ്റി ചര്‍ച്ചകള്‍ ‍തുറക്കുവാനും മറ്റു് ലോക ഭാഷകളുമായുള്ള അഭിമുഖീകരണത്തിനും കഴിയുന്ന വിധം നമ്മുടെ ഭാഷയെ കരുത്തുറ്റതാക്കാന്‍ ‍ഈ പരദേശ ഭാഷകളുടെ വര്‍ണ്ണങ്ങളെ കാണിക്കുന്ന ഒരു രാജ്യാന്തര മലയാള ഉച്ചാരണ ലിപിമാലയായി ഈ ഉച്ചാരണ ലിപിമാല പദ്ധതി വികസിയ്ക്കണം.മലയാള വര്‍ണങ്ങളുടെ സ്വീകൃതോച്ചാരണ ലിപിയോടൊപ്പം മുകളിലും ചുവട്ടിലും ബിന്ദു,കുറുവര, വലിയ ചന്ദ്രക്കല,വട്ടം,വിശ്ലേഷം തുടങ്ങിയ ചിഹ്നങ്ങള്‍ ‍കൊണ്ടു് ഉച്ചാരണവ്യത്യാസം കൃത്യമായി സൂചിപ്പിക്കാന്‍ ‍കഴിയും.

ഇപ്രകാരം ആംഗലഭാഷയിലെ 44സ്വനിമങ്ങളെയും രേഖപ്പെടുത്തുന്ന മലയാള സ്വന ലിപിയെഴുത്തു് കുറച്ചു് വര്‍ഷങ്ങള്‍ക്കു് മുന്‍പു് എന്‍.ഇ.ആര്‍.സി നിഘണ്ടുവില്‍(NERC Dictionary Of English For The speakers Of Malayalam –[chief Editor:N A Karim];National Educational Research Center ;Trivandrum-14;1998) ‍ഉപയോഗിച്ചിരുന്നു.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടു് പ്രസിദ്ധീകരിച്ച മലയാളത്തിലെ പരകീയ പദങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ വിവിധ ഭാഷകളിലെ നിരവധി സ്വനിമങ്ങളെ രേഖപ്പെടുത്തുന്നതിനുള്ള ചിഹ്നങ്ങള്‍ ഉ‍പയോഗിച്ചിട്ടുണ്ടു്. ലിപിചിഹ്നങ്ങളുടെ കാര്യമുള്‍പ്പെടെയുള്ള കുറവുകള്‍ ‍പരിഹരിച്ചും മാനകമാക്കിയും അതു്പോലെയുള്ള ശ്രമംമുന്നോട്ടു് കൊണ്ടു് പോകണം. മറ്റു് ഭാഷകളില്‍ ‍പാണ്ഡിത്യമുള്ള മലയാള ഭാഷാസ്നേഹികളുടെ നിരന്തരമായ പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും അതു് വികസിച്ചു് കൊള്ളും.അങ്ങനെ ‍അറബി, സുറിയാനി,പരന്തിരിയസ്‌,ദോയിച്ച്‌ തുടങ്ങി നിരവധി ഭാഷകളുടെ വര്‍ണങ്ങളുള്‍പ്പെടുന്ന രാജ്യാന്തര മലയാള സ്വന ലിപി മാല രൂപപ്പെടണം‌.
അതിനാവശ്യമായ അടയാളങ്ങള്‍ എങ്ങനെയായിരിയ്ക്കണമെന്നും അവ രേഖപ്പെടുത്തുവാന്‍ വേണ്ട സങ്കേതങ്ങള്‍ (ലിപിമുഖവും/മലയാള അക്ഷരവ്യന്യസിനികളും) വികസിപ്പിയ്ക്കുന്നതു് സംബന്ധിച്ച പൊതു ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇനിയൊട്ടും അമാന്തിയ്ക്കേണ്ട കാര്യമില്ല; ആരെയും കാത്തു്നില്‍ക്കേണ്ടതുമില്ല. ചര്‍ച്ച തുടങ്ങുന്നതു് വലലേഖാ ലോകത്താണെന്നതൊരു കുറവുമല്ല.

പക്ഷെ, ആദ്യന്തം ഓര്‍ക്കേണ്ട കാര്യം മലയാളത്തിന്റെ സ്വീകൃത ഉച്ചാരണങ്ങള്‍ക്കു് പുറമെയാണു് രാജ്യാന്തര മലയാള സ്വനലിപിയുടെ സ്ഥാനം. അതു് പഠനാവശ്യങ്ങള്‍ക്കു് വേണ്ടി മാത്രമുള്ളതാണു്‌.മലയാളത്തിനു് പുറമെ മലയാളത്തിനു് ബന്ധമുള്ള മറ്റു് ഭാഷകളിലെ ഭാഷണ ശബ്ദങ്ങളെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ പോരുന്ന ശബ്ദ പ്രതീകങ്ങളുടെ സഞ്ചയവുമായിരിക്കും. മലയാളത്തിന്റെ സ്വീകൃതോച്ചാരണ ലിപിയെ ഇതു് ഒരു വിധത്തിലും ബാധിയ്ക്കേണ്ട കാര്യമില്ല.
ശ്രീമാന്‍ പ്രബോധചന്ദ്രന്‍ ഉച്ചാരണം നന്നാവാന്‍ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നതു് അവസാനമായി ഓര്‍ക്കാം:-

ഉച്ചാരണത്തില്‍ തെളിയുന്ന സ്വന സവിശേഷതകളെല്ലാം ദൃശ്യ ചിഹ്നങ്ങളിലൂടെ
രേഖപ്പെടുത്താന്‍ കഴിവാര്‍ന്ന ഒരു ലേഖനവ്യവസ്ഥയും ലോകഭാഷകളിലൊന്നിലുമില്ല.;
സിദ്ധാന്തപരവും പ്രായോഗികവുമായ കാഴ്ചപ്പാടുകളിലൂടെ നോക്കിയാല്‍
അത്തരത്തിലൊന്നുണ്ടാവാന്‍ സാദ്ധ്യവുമല്ല.ഭാഷണ വിശ്ലേഷണം, ഭാഷണ സംശ്ലേഷണം എന്നീ
രംഗങ്ങളില്‍ പരീക്ഷണ സ്വന വിജ്ഞാനം നേടിയ പുരോഗതിയ്ക്കൊന്നും ഭാഷണത്തെ അതേപടി
പുനഃസൃഷ്ടിക്കാന്‍ തക്കവണ്ണം വിശദവും സമഗ്രവുമായ ഒരു ലേഖന സമ്പ്രദായം
ആവിഷകരിക്കുന്നതിനു് ശ്രദ്ധേയമായ ഒരു സംഭാവനയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

-എബി ജോണ്‍ വന്‍നിലം ൧൧൮൨ വൃശ്ചികം ൧൩ മിശിഹാവര്‍ഷം ൨00൬ നവംബര്‍‍ ൨൯


2006/09/29

സംവൃതം പ്രത്യേക സ്വരം

സംവൃത സ്വരത്തിനു് പ്രത്യേക ചിഹ്നമെന്ന നിലയില്‍ ഉകാരത്തിനു് മേല്‍ ചന്ദ്രക്കല(മീത്തല്‍) ചേര്‍ത്തുപയോഗിയ്ക്കുന്നതു് മലയാള വിക്കിപീഡിയയില്‍ മാനകമാകുവാനുള്ള സാഹചര്യം,സംവൃതത്തിന്റെ ലിപി വിഷയത്തില്‍ വിക്കിപിഡിയ പക്ഷം പിടിക്കരുതെന്ന സിബുവിന്റെ രൂക്ഷമായ നിലപാടു് മൂലം ഇല്ലാതായിരിയ്ക്കുന്നു. സംവൃതമെങ്ങനെ എഴുതിക്കാണിക്കണമെന്ന കാര്യത്തില്‍ തനിയ്ക്കു് പ്രത്യേക വീക്ഷണമുള്ളതു് കൊണ്ടു് സംവൃതം ഒരു പ്രത്യേക സ്വരമായി ഭാഷയില്‍ നിലനില്‍ക്കണോ എന്നു് കാലം തീരുമാനിക്കട്ടെ എന്ന നിലയിലേയ്ക്കു് ഉപേക്ഷിയ്കുകയാണോ സിബു ചെയ്തിരിയ്ക്കുന്നതു് എന്നു് സംശയം തോന്നും.തര്‍ക്കം സ്വതന്ത്രമായി തുടരട്ടെ എന്നു് പറഞ്ഞു് സംവൃതസ്വര നിലനില്‍പ്പിനെ അരാജകത്വത്തിലേയ്ക്കു് തള്ളിവിടുന്നതു് അദ്ദേഹത്തിന്റെ തന്നെ പക്ഷത്തെ അപകടത്തിലാക്കുന്നതായിരിയ്ക്കും. കാരണം ,സംവൃതത്തെ പ്രത്യേക സ്വരമായി കരുതുന്നവരിലൊരാളാണല്ലൊ സിബുവും .

സിബു ചൂണ്ടിക്കാണിക്കുന്നതു് പോലെ, സംവൃതമെങ്ങനെ എഴുതിക്കാണിക്കണമെന്നതു് വളരെ മുന്‍പു് മുതല്‍ക്കേ തര്‍ക്കവിഷയമായിരുന്നു. അതു്, ഏതു് സ്വരമാണെന്നു് തീരുമാനിക്കാനാകാതെ അര അകാരമായും ഇകാരമായും ഉകാരമായുമൊക്കെ ഉപയോഗിച്ചു് പോന്നു. പിന്നീടു് മാത്രകണക്കാക്കാന്‍ നിവൃത്തിയില്ലാത്ത സ്വരരഹിതമായ കേവല വ്യഞ്ജനമാണെന്നു് കരുതി ചന്ദ്രക്കലയിട്ടും ഉപയോഗിച്ചു. ഉകാരമാണെന്നു് കരുതിയവര്‍ അതിനെ സന്ദര്‍ഭം പോലെ സംവൃത ഉകാരവും വിവൃത ഉകാരവുമായി വിഭജിയ്ക്കാവുന്നതാക്കി.

സംവൃതം പ്രത്യേക സ്വരമാണെന്നു് വ്യാകരണ പണ്ഡിതന്മാര്‍ ഇപ്പോള്‍ പരക്കെ അംഗീകരിച്ചു് കഴിഞ്ഞുവെന്നു് പറയാം.ഏ.ആര്‍ രാജരാജ വര്‍മയ്ക്കു് ശേഷം മലയാളം കണ്ട ഏറ്റവും വലിയ വ്യാകരണ പണ്ഡിതനായ സാഹിത്യപഞ്ചാനനന്‍ പി കെ നാരായണ പിള്ളയും എല്‍ വി രാമസ്വാമി അയ്യരും കൈരളി ശബ്ദാനുശാസന കര്‍ത്താവായ ഡോ.കെ സുകുമാര പിള്ളയും അഭിനവ മലയാള വ്യാകരണ കര്‍ത്താവായ വാസുദേവ ഭട്ടതിരിയും സംവൃതത്തെ പ്രത്യേക സ്വരമായി അംഗീകരിച്ചിരിയ്ക്കുന്നു. സാഹിത്യ പഞ്ചാനനന്‍ പി കെ നാരായണ പിള്ള തന്റെ വ്യാകരണ പ്രവേശികയെന്ന കൃതിയില്‍, ‍ഈ സംവൃതസ്വരത്തിനു് പ്രത്യേക ലിപിയുണ്ടായിരുന്നാല്‍ കൊള്ളാം എന്നു് എഴുതിയിട്ടുണ്ടു്:"പരമാര്‍ത്ഥത്തില്‍ സംവൃതോകാരമെന്നു് നാം വ്യവഹരിയ്ക്കുന്ന ഈ സ്വരം അ,ഇ,ഉ എന്ന സ്വരങ്ങളെപ്പോലെ ഒരു സ്വതന്ത്ര സ്വരമാണെന്നു് കല്പിക്കാവുന്നതാണു്.അതിനു് ഉകാരത്തോടു് സാദൃശ്യമുള്ളതു് പോലെ മറ്റു് സ്വരങ്ങളോടും സാമ്യമുണ്ടു്. അതിനനുസരിച്ചു് അടുത്തു് വരുന്ന സ്വരത്തില്‍ അതു് ലയിയ്ക്കുകയും ചെയ്യുന്നു"(പുറം ൧൨) .ശ്രീ സിബുവിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുവാന്‍ ശ്രമിച്ച എനിയ്ക്കു് മനസ്സിലായതു് അദ്ദേഹം സംവൃതത്തെ പ്രത്യേക സ്വരമായിത്തന്നെ മറ്റാരെക്കളും നന്നായി അംഗീകരിക്കുന്നുവെന്നാണു്. അതിനെ പ്രത്യേക സ്വരമായി കരുതുന്നുവെങ്കില്‍ ആശയക്കുഴപ്പമുണ്ടാക്കുകയില്ലാത്തതായ(പത്യേകമായ)ലിപി അതിനു വേണം.അപ്പോള്‍ ഉച്ചാരണം പ്രമാണമാക്കിയെന്നു് പറഞ്ഞു് സന്ദര്‍ഭം പോലെ വിവൃതോകാരമായി വിഭജിയ്ക്കാനാവില്ല.

സംവൃതത്തെ പ്രത്യേക സ്വരമായി അംഗീകരിയ്ക്കേണ്ട കാര്യമില്ലെന്നു് കരുതുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരാണിപ്പോള്‍ ‍പ്രധാനമായും സംവൃതത്തിനു് ചന്ദ്രക്കല മാത്രംമതിയെന്നു് വാദിയ്ക്കുന്നവര്‍. മാത്ര കണക്കാക്കാന്‍ നിവൃത്തിയില്ലാത്ത സ്വരരഹിതമായ കേവല വ്യഞ്ജനത്തെയും സംവൃതത്തെയും തിരിച്ചറിയാതെ കാണിക്കുന്നതു് ഏറെ കുഴപ്പങ്ങള്‍ക്കു് വഴിവയ്ക്കുമെന്നതു് കൊണ്ടു് അവരുടെ വ്യാകരണ സംബന്ധമായ പുസ്തകങ്ങളില്‍ സംവൃത സ്വരം വേര്‍തിരിച്ചു് കാണിയ്ക്കുവാന്‍ ഉകാരത്തിനു് മേല്‍ മീത്തല്‍ ചേര്‍ത്ത്‌ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതമായിരിയ്ക്കുന്നതു്,സംവൃതത്തിനു് ചന്ദ്രക്കല മാത്രം മതിയെന്ന വാദത്തിന്റെ പരാജയമാണു്. സംവൃതത്തിനു് ഉകാരോപരി ചന്ദ്രക്കലയിടുന്ന സമ്പ്രദായം പൊതുവേ പ്രാബല്യം നേടിയിരിയ്ക്കുകയാണു് എന്നു് പറയാം.

സംവൃതത്തെയും സ്വരരഹിതവ്യഞ്ജനത്തെയും വേര്‍ തിരിച്ചു് കാണിക്കുവാന്‍ കഴിയാതെ വരുന്നതു് ഭാഷയെ പിന്നോട്ടടിയ്ക്കും. ഒന്നിലധികം വര്‍ണങ്ങള്‍ക്കു് ഒറ്റ ലിപി ഉപയോഗിക്കുന്നതു് ഭാഷയുടെ വളര്‍ച്ചയെ ഏതെങ്കിലും വിധത്തില്‍ മന്ദീഭവിപ്പിക്കുകയോ വികലമാക്കുകയോ ചെയ്യുമെന്നു് അനുഭവങ്ങള്‍ സാക്ഷിയ്ക്കുന്നു. വര്‍ണോച്ചാരണ ഭാഷകള്‍ക്കൊപ്പം നിലനില്‍ക്കുകയും അവയോടു് മല്‍സരിക്കുകയും ചെയ്തതുകൊണ്ടു് മലയാളഭാഷ കരുത്തുറ്റ അക്ഷരോച്ചാരണ ഭാഷയായി തുടരാന്‍ ഭാഷയില്‍ ഉളള എല്ലാവര്‍ണങ്ങള്‍ക്കും( സ്വരങ്ങളായാലും വ്യഞ്ജനങ്ങളായാലും) ലിപി വേണ്ടതാണെന്ന നിലപാടെടുക്കണം.സംസ്കൃതത്തിലെ പദങ്ങള്‍ മലയാളം സ്വന്തമാക്കിയ കാലത്തു് ഭാഷയുടെ ലിപിയായിരുന്ന വട്ടെഴുത്തിനു് മൃദു വര്‍ണങ്ങളില്ലാതിരുന്നതു് കൊണ്ടു് പദമദ്ധ്യത്തിലെ ഖരങ്ങള്‍ക്കു് മൃദു ഉച്ചാരണം അംഗീകരിച്ചു. പിന്നീടു് വട്ടെഴുത്തു് മാറി ആര്യയെഴുത്തു് ഭാഷയുടെ ലിപിയായപ്പോള്‍ അന്നു്വരെ ഭാഷയുടെ അക്ഷരമാലയിലുണ്ടായിരുന്ന വര്‍ത്സ്യ ഖരത്തിനും ( എന്റെയിലെ ) വര്‍ത്സ്യ അനുനാസികത്തിനും (ள- പയിലെ ) ലിപിയില്ലാതായി. അപ്പോള്‍ പദാദിയിലെ ന ദന്ത്യ അനുനാസികമായും ( ദിയിലെ ) പിന്നീട്‌ വരുന്ന നകള്‍ വര്‍ത്സ്യ ന (ள) യായും ഉച്ചരിക്കണമെന്ന നിയമം മതിയെന്ന വ്യവസ്ഥ കൊണ്ടു്വന്നുവെങ്കിലും അപവാദങ്ങള്‍ കൂടിക്കൂടി അതു പരാജയപ്പെട്ടിരിയ്ക്കുന്നു. പിന്‍നിലാവിലെ ന്‍ ന എന്നീ അക്ഷരങ്ങള്‍ ന്ന എന്ന കൂട്ടക്ഷരമാകാന്‍ പാടില്ലാത്തതു് ആദ്യത്തേതു് വര്‍ത്സ്യ അനുനാസികവും രണ്ടാമത്തേതു് ദന്ത്യ അനുനാസികവുമായതിനാലാണു്.

വര്‍ത്സ്യഖരത്തിനും വര്‍ത്സ്യാനുസികത്തിനും ഓഷ്ഠ്യ ഊഷ്മാവിനും( ഓഫീസ്‌, ഫയല്‍ എന്നിവയിലെ ഫ )യ്ക്കും ഒപ്പം സംവൃതവും ലിപിയില്ലാതെ കഴിയണമോ ?
-എബി ജോണ്‍ വന്‍നിലം ൧൧൮൨ കന്നി ൧൩ മിശിഹാവര്‍ഷം ൨ഠഠ൬ സെപ്തംബര്‍‍ ൨൯