2006/09/29

സംവൃതം പ്രത്യേക സ്വരം

സംവൃത സ്വരത്തിനു് പ്രത്യേക ചിഹ്നമെന്ന നിലയില്‍ ഉകാരത്തിനു് മേല്‍ ചന്ദ്രക്കല(മീത്തല്‍) ചേര്‍ത്തുപയോഗിയ്ക്കുന്നതു് മലയാള വിക്കിപീഡിയയില്‍ മാനകമാകുവാനുള്ള സാഹചര്യം,സംവൃതത്തിന്റെ ലിപി വിഷയത്തില്‍ വിക്കിപിഡിയ പക്ഷം പിടിക്കരുതെന്ന സിബുവിന്റെ രൂക്ഷമായ നിലപാടു് മൂലം ഇല്ലാതായിരിയ്ക്കുന്നു. സംവൃതമെങ്ങനെ എഴുതിക്കാണിക്കണമെന്ന കാര്യത്തില്‍ തനിയ്ക്കു് പ്രത്യേക വീക്ഷണമുള്ളതു് കൊണ്ടു് സംവൃതം ഒരു പ്രത്യേക സ്വരമായി ഭാഷയില്‍ നിലനില്‍ക്കണോ എന്നു് കാലം തീരുമാനിക്കട്ടെ എന്ന നിലയിലേയ്ക്കു് ഉപേക്ഷിയ്കുകയാണോ സിബു ചെയ്തിരിയ്ക്കുന്നതു് എന്നു് സംശയം തോന്നും.തര്‍ക്കം സ്വതന്ത്രമായി തുടരട്ടെ എന്നു് പറഞ്ഞു് സംവൃതസ്വര നിലനില്‍പ്പിനെ അരാജകത്വത്തിലേയ്ക്കു് തള്ളിവിടുന്നതു് അദ്ദേഹത്തിന്റെ തന്നെ പക്ഷത്തെ അപകടത്തിലാക്കുന്നതായിരിയ്ക്കും. കാരണം ,സംവൃതത്തെ പ്രത്യേക സ്വരമായി കരുതുന്നവരിലൊരാളാണല്ലൊ സിബുവും .

സിബു ചൂണ്ടിക്കാണിക്കുന്നതു് പോലെ, സംവൃതമെങ്ങനെ എഴുതിക്കാണിക്കണമെന്നതു് വളരെ മുന്‍പു് മുതല്‍ക്കേ തര്‍ക്കവിഷയമായിരുന്നു. അതു്, ഏതു് സ്വരമാണെന്നു് തീരുമാനിക്കാനാകാതെ അര അകാരമായും ഇകാരമായും ഉകാരമായുമൊക്കെ ഉപയോഗിച്ചു് പോന്നു. പിന്നീടു് മാത്രകണക്കാക്കാന്‍ നിവൃത്തിയില്ലാത്ത സ്വരരഹിതമായ കേവല വ്യഞ്ജനമാണെന്നു് കരുതി ചന്ദ്രക്കലയിട്ടും ഉപയോഗിച്ചു. ഉകാരമാണെന്നു് കരുതിയവര്‍ അതിനെ സന്ദര്‍ഭം പോലെ സംവൃത ഉകാരവും വിവൃത ഉകാരവുമായി വിഭജിയ്ക്കാവുന്നതാക്കി.

സംവൃതം പ്രത്യേക സ്വരമാണെന്നു് വ്യാകരണ പണ്ഡിതന്മാര്‍ ഇപ്പോള്‍ പരക്കെ അംഗീകരിച്ചു് കഴിഞ്ഞുവെന്നു് പറയാം.ഏ.ആര്‍ രാജരാജ വര്‍മയ്ക്കു് ശേഷം മലയാളം കണ്ട ഏറ്റവും വലിയ വ്യാകരണ പണ്ഡിതനായ സാഹിത്യപഞ്ചാനനന്‍ പി കെ നാരായണ പിള്ളയും എല്‍ വി രാമസ്വാമി അയ്യരും കൈരളി ശബ്ദാനുശാസന കര്‍ത്താവായ ഡോ.കെ സുകുമാര പിള്ളയും അഭിനവ മലയാള വ്യാകരണ കര്‍ത്താവായ വാസുദേവ ഭട്ടതിരിയും സംവൃതത്തെ പ്രത്യേക സ്വരമായി അംഗീകരിച്ചിരിയ്ക്കുന്നു. സാഹിത്യ പഞ്ചാനനന്‍ പി കെ നാരായണ പിള്ള തന്റെ വ്യാകരണ പ്രവേശികയെന്ന കൃതിയില്‍, ‍ഈ സംവൃതസ്വരത്തിനു് പ്രത്യേക ലിപിയുണ്ടായിരുന്നാല്‍ കൊള്ളാം എന്നു് എഴുതിയിട്ടുണ്ടു്:"പരമാര്‍ത്ഥത്തില്‍ സംവൃതോകാരമെന്നു് നാം വ്യവഹരിയ്ക്കുന്ന ഈ സ്വരം അ,ഇ,ഉ എന്ന സ്വരങ്ങളെപ്പോലെ ഒരു സ്വതന്ത്ര സ്വരമാണെന്നു് കല്പിക്കാവുന്നതാണു്.അതിനു് ഉകാരത്തോടു് സാദൃശ്യമുള്ളതു് പോലെ മറ്റു് സ്വരങ്ങളോടും സാമ്യമുണ്ടു്. അതിനനുസരിച്ചു് അടുത്തു് വരുന്ന സ്വരത്തില്‍ അതു് ലയിയ്ക്കുകയും ചെയ്യുന്നു"(പുറം ൧൨) .ശ്രീ സിബുവിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുവാന്‍ ശ്രമിച്ച എനിയ്ക്കു് മനസ്സിലായതു് അദ്ദേഹം സംവൃതത്തെ പ്രത്യേക സ്വരമായിത്തന്നെ മറ്റാരെക്കളും നന്നായി അംഗീകരിക്കുന്നുവെന്നാണു്. അതിനെ പ്രത്യേക സ്വരമായി കരുതുന്നുവെങ്കില്‍ ആശയക്കുഴപ്പമുണ്ടാക്കുകയില്ലാത്തതായ(പത്യേകമായ)ലിപി അതിനു വേണം.അപ്പോള്‍ ഉച്ചാരണം പ്രമാണമാക്കിയെന്നു് പറഞ്ഞു് സന്ദര്‍ഭം പോലെ വിവൃതോകാരമായി വിഭജിയ്ക്കാനാവില്ല.

സംവൃതത്തെ പ്രത്യേക സ്വരമായി അംഗീകരിയ്ക്കേണ്ട കാര്യമില്ലെന്നു് കരുതുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരാണിപ്പോള്‍ ‍പ്രധാനമായും സംവൃതത്തിനു് ചന്ദ്രക്കല മാത്രംമതിയെന്നു് വാദിയ്ക്കുന്നവര്‍. മാത്ര കണക്കാക്കാന്‍ നിവൃത്തിയില്ലാത്ത സ്വരരഹിതമായ കേവല വ്യഞ്ജനത്തെയും സംവൃതത്തെയും തിരിച്ചറിയാതെ കാണിക്കുന്നതു് ഏറെ കുഴപ്പങ്ങള്‍ക്കു് വഴിവയ്ക്കുമെന്നതു് കൊണ്ടു് അവരുടെ വ്യാകരണ സംബന്ധമായ പുസ്തകങ്ങളില്‍ സംവൃത സ്വരം വേര്‍തിരിച്ചു് കാണിയ്ക്കുവാന്‍ ഉകാരത്തിനു് മേല്‍ മീത്തല്‍ ചേര്‍ത്ത്‌ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതമായിരിയ്ക്കുന്നതു്,സംവൃതത്തിനു് ചന്ദ്രക്കല മാത്രം മതിയെന്ന വാദത്തിന്റെ പരാജയമാണു്. സംവൃതത്തിനു് ഉകാരോപരി ചന്ദ്രക്കലയിടുന്ന സമ്പ്രദായം പൊതുവേ പ്രാബല്യം നേടിയിരിയ്ക്കുകയാണു് എന്നു് പറയാം.

സംവൃതത്തെയും സ്വരരഹിതവ്യഞ്ജനത്തെയും വേര്‍ തിരിച്ചു് കാണിക്കുവാന്‍ കഴിയാതെ വരുന്നതു് ഭാഷയെ പിന്നോട്ടടിയ്ക്കും. ഒന്നിലധികം വര്‍ണങ്ങള്‍ക്കു് ഒറ്റ ലിപി ഉപയോഗിക്കുന്നതു് ഭാഷയുടെ വളര്‍ച്ചയെ ഏതെങ്കിലും വിധത്തില്‍ മന്ദീഭവിപ്പിക്കുകയോ വികലമാക്കുകയോ ചെയ്യുമെന്നു് അനുഭവങ്ങള്‍ സാക്ഷിയ്ക്കുന്നു. വര്‍ണോച്ചാരണ ഭാഷകള്‍ക്കൊപ്പം നിലനില്‍ക്കുകയും അവയോടു് മല്‍സരിക്കുകയും ചെയ്തതുകൊണ്ടു് മലയാളഭാഷ കരുത്തുറ്റ അക്ഷരോച്ചാരണ ഭാഷയായി തുടരാന്‍ ഭാഷയില്‍ ഉളള എല്ലാവര്‍ണങ്ങള്‍ക്കും( സ്വരങ്ങളായാലും വ്യഞ്ജനങ്ങളായാലും) ലിപി വേണ്ടതാണെന്ന നിലപാടെടുക്കണം.സംസ്കൃതത്തിലെ പദങ്ങള്‍ മലയാളം സ്വന്തമാക്കിയ കാലത്തു് ഭാഷയുടെ ലിപിയായിരുന്ന വട്ടെഴുത്തിനു് മൃദു വര്‍ണങ്ങളില്ലാതിരുന്നതു് കൊണ്ടു് പദമദ്ധ്യത്തിലെ ഖരങ്ങള്‍ക്കു് മൃദു ഉച്ചാരണം അംഗീകരിച്ചു. പിന്നീടു് വട്ടെഴുത്തു് മാറി ആര്യയെഴുത്തു് ഭാഷയുടെ ലിപിയായപ്പോള്‍ അന്നു്വരെ ഭാഷയുടെ അക്ഷരമാലയിലുണ്ടായിരുന്ന വര്‍ത്സ്യ ഖരത്തിനും ( എന്റെയിലെ ) വര്‍ത്സ്യ അനുനാസികത്തിനും (ள- പയിലെ ) ലിപിയില്ലാതായി. അപ്പോള്‍ പദാദിയിലെ ന ദന്ത്യ അനുനാസികമായും ( ദിയിലെ ) പിന്നീട്‌ വരുന്ന നകള്‍ വര്‍ത്സ്യ ന (ள) യായും ഉച്ചരിക്കണമെന്ന നിയമം മതിയെന്ന വ്യവസ്ഥ കൊണ്ടു്വന്നുവെങ്കിലും അപവാദങ്ങള്‍ കൂടിക്കൂടി അതു പരാജയപ്പെട്ടിരിയ്ക്കുന്നു. പിന്‍നിലാവിലെ ന്‍ ന എന്നീ അക്ഷരങ്ങള്‍ ന്ന എന്ന കൂട്ടക്ഷരമാകാന്‍ പാടില്ലാത്തതു് ആദ്യത്തേതു് വര്‍ത്സ്യ അനുനാസികവും രണ്ടാമത്തേതു് ദന്ത്യ അനുനാസികവുമായതിനാലാണു്.

വര്‍ത്സ്യഖരത്തിനും വര്‍ത്സ്യാനുസികത്തിനും ഓഷ്ഠ്യ ഊഷ്മാവിനും( ഓഫീസ്‌, ഫയല്‍ എന്നിവയിലെ ഫ )യ്ക്കും ഒപ്പം സംവൃതവും ലിപിയില്ലാതെ കഴിയണമോ ?
-എബി ജോണ്‍ വന്‍നിലം ൧൧൮൨ കന്നി ൧൩ മിശിഹാവര്‍ഷം ൨ഠഠ൬ സെപ്തംബര്‍‍ ൨൯6 comments:

 1. മലയാളം ബൂലോഗത്തേയ്ക്കു സ്വാഗതം എബി. സംവൃതോകാരത്തിനും, ள എന്ന ഉച്ചാരണം വരുന്ന മലയാളത്തിലെ ന എന്ന വര്‍ണ്ണത്തിനും ലിപിയും എന്‍‌കോഡിങ്ങുമെല്ലാം ആവശ്യമാണെന്നു ഞാനും കരുതുന്നു. സിബുവിനും ഉമേഷിനുമെല്ലാം ചിലപ്പോള്‍ എതിരഭിപ്രായങ്ങള്‍ കണ്ടേയ്ക്കും, അവരുടെ അഭിപ്രായങ്ങള്‍ക്കായും നമുക്ക് കാത്തിരിക്കാം.

  ReplyDelete
 2. എബി,

  ഇതിനെപ്പറ്റി ഇതിനു മുമ്പു നടന്ന ചില സംവാദങ്ങള്‍ ഇവിടെ “വ്യാകരണം” എന്ന വിഭാഗത്തിനു താഴെ കാണാം.

  ReplyDelete
 3. എബി, എന്റെ മറുപടി ഞാനെന്റെ ബ്ലോഗിലിട്ടിട്ടുണ്ട്‌...

  ReplyDelete
 4. dear
  aby
  good
  thettukal kandu.
  type ok aakunnatheyullu.
  kuduthal sajeevamakkan kazhiyum.
  ok
  mk

  ReplyDelete
 5. http://www.keralapaithrukam.blogspot.com/

  http://keralasocialist.blogspot.com/

  http://www.pviswambharan.blogspot.com/
  see all these

  ReplyDelete